അടൂർ പൊലീസ് സ്റ്റേഷനിലേക്ക് പുതിയ വാഹനങ്ങൾ ലഭിച്ചു

Friday 09 January 2026 2:26 AM IST
അടൂർ പോലീസ് സ്റ്റേഷനിൽ ഇനി പുതിയ വാഹനങ്ങൾ, യാത്ര ദുരിതത്തിന് വിരാമം.

അടൂർ: വാഹനമില്ലാതെ പ്രയാസത്തിലായിരുന്ന അടൂർ പൊലീസ് സ്റ്റേഷനിലേക്ക് പുതിയ രണ്ട് വാഹനം ലഭിച്ചു. ഒരു കൺട്രോൾ റൂം(സി.ആർ.വി) വാഹനവും ഒരു സ്റ്റേഷൻ വാഹനവുമാണ് ലഭിച്ചത്. നിലവിൽ സ്റ്റേഷനിലുണ്ടായിരുന്ന സി.ആർ.വി വാഹനം നാല് ലക്ഷം കിലോമീറ്റർ കഴിഞ്ഞതായിരുന്നു. സ്റ്റേഷൻ മൊബൈൽ വാഹനം പലപ്പോഴും യന്ത്രത്തകരാർ കാരണം വഴിയിലാകുന്ന അവസ്ഥയിലുമായിരുന്നു. തുടർന്ന് ജനമൈത്രി സമിതി ഈ വിഷയം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തി. ചിറ്റയം ഗോപകുമാർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് വാഹനങ്ങൾ ലഭിച്ചത്. അടൂർ ജനമൈത്രി പൊലീസ് സമിതിയുടെ നേതൃത്വത്തിൽ അടൂർ പൊലീസ് സ്റ്റേഷനിലേക്ക് ലഭിച്ച വാഹനങ്ങൾക്ക് സ്വീകരണം നൽകി. തുടർന്ന് മധുര വിതരണവും നടന്നു. അടൂർ എസ്എച്ച്ഒ എസ്.ശ്രീകുമാർ, ജനമൈത്രി സമിതി അംഗങ്ങളായ കോടിയാട്ട് രാമചന്ദ്രൻ, എസ്.ഹർഷകുമാർ,റെജി ചാക്കോ, പി.ജി.രാജശേഖരൻ പിള്ള എന്നിവർ പങ്കെടുത്തു.