കള്ളക്കേസിലകപ്പെട്ട പ്രവാസിക്ക് 14 ലക്ഷം രൂപ നഷ്ടപരിഹാരം, പൊലീസ് കുടുക്കിയത് മകളുടെ വിവാഹത്തിനെത്തിയ മനുഷ്യനെ

Friday 09 January 2026 12:36 AM IST

നഷ്ടപരിഹാരം പ്രതികളായ പൊലീസുകാരിൽ നിന്ന് ഈടാക്കാം

കൊച്ചി: മകളുടെ വിവാഹത്തിനെത്തിയ പ്രവാസിയെ പൊലീസ് മാലപൊട്ടിക്കൽ കേസിൽ കുടുക്കി ജയിലിലാക്കിയ കേസിൽ ഹൈക്കോടതി 14 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. എതിർകക്ഷികളായ എസ്.ഐ പി. ബിജു, എ.എസ്.ഐമാരായ യോഗേഷ്, ടി. ഉണ്ണികൃഷ്ണൻ എന്നിവരിൽ നിന്ന് ഈ തുക ഈടാക്കുന്ന കാര്യം സർക്കാരിന് തീരുമാനിക്കാമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

തലശേരി തജ്നാസിൽ വി.കെ. താജുദീന് 10 ലക്ഷം രൂപയും ഭാര്യ നസ്രീനയ്‌ക്കും മൂന്നു മക്കൾക്കും ഒരു ലക്ഷം രൂപ വീതവും നൽകാനാണ് ജസ്റ്റിസ് പി.എം. മനോജിന്റെ ഉത്തരവ്. സ്ഥിരം കുറ്റവാളിയായ ശരത് വത്സരാജാണ് യഥാർത്ഥ പ്രതിയെന്ന് പിന്നീട് തെളിഞ്ഞു. ഇയാൾ പിടിയിലാവുകയും ചെയ്തു. റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ സ്വർണമാല വെള്ള സ്കൂട്ടറിലെത്തിയ പ്രതി പൊട്ടിച്ചെടുത്തു എന്നായിരുന്നു പ്രസിക്യൂഷൻ കേസ്. 2018 ജൂലായ് 5 ന് ഉച്ചയ്ക്ക് 12.15ന് തലശ്ശേരിക്കടുത്ത് ചൂരക്കളത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഖത്തറിൽ നിന്ന് മകളുടെ വിവാഹത്തിനായി 15 ദിവസത്തെ അവധിക്കാണ് തലശേരി തജ്നാസിൽ താജുദീൻ നാട്ടിലെത്തിയത്. ജൂൺ 11ന് പുലർച്ചെ സഹോദരിയുടെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ കതിരൂരിൽ വച്ച് ചക്കരക്കൽ എസ്.ഐയായിരുന്ന ബിജുവും സംഘവും കാർ തടഞ്ഞ് താജുദീനെയും കുടുംബത്തെയും ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. താജുദീനെ കള്ളനെന്ന് വിളിക്കുകയും 6 ദിവസം മുമ്പ് ചൂരക്കളത്തുവച്ച് യുവതിയുടെ അഞ്ചരപ്പവൻ മാലപൊട്ടിച്ചതിൽ കുറ്റസമ്മതം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വെള്ള സ്കൂട്ടറിലെത്തിയ ഒരാൾ മാലപൊട്ടിക്കുന്ന ദൃശ്യങ്ങളും കാണിച്ചു. അത് താനല്ലെന്നും ടവർ ലൊക്കേഷനടക്കം പരിശോധിക്കണമെന്നും ഹർജിക്കാരൻ അപേക്ഷിച്ചെങ്കിലും അവഗണിച്ചു. താജുദീനെ വസ്ത്രമഴിച്ച് ചോദ്യം ചെയ്യുകയും തെളിവെടുപ്പിനായി നൂറുകണക്കിനാളുകളുടെ മുന്നിലൂടെ ബന്ധുവീടുകളിൽ അടക്കം എത്തിക്കുകയും ചെയ്തു. എന്നാൽ, സ്വർണമാലയോ സ്കൂട്ടറോ കണ്ടെടുക്കാനായില്ല.

77 ദിവസം ജയിലിൽ

അറസ്സ് ചെയ്ത് കോടതിയിലെത്തിച്ചതിനെത്തുടർന്ന് താജുദീൻ 54 ദിവസം റിമാൻഡിലായി. നിശ്ചിത സമയത്ത് തിരികെ എത്താത്തതിനാൽ ഖത്തർ അധികൃതർ 23 ദിവസം അവിടെ ജയിലിലാക്കി. ജോലിയും നഷ്ടമായി. കേരളത്തിലും ഖത്തറിലുമായി 77 ദിവസം തടവിൽ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് താജുദീൻ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഡ്വ. ടി. അസഫലി മുഖേന ഹൈക്കോടതിയെ സമീപിച്ചത്.

മാനം കെടുത്തിയതെന്തിന്?

പ്രതിയെ അറസ്റ്റ് ചെയ്ത് ക്രെഡിറ്റ് നേടാനുള്ള എസ്.ഐയുടെ വ്യഗ്രതയാണ് നിരപരാധിക്ക് കുരുക്കായതെന്നാണ് താജുദീന്റെ അഭിഭാഷകനും മുൻ പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലുമായ ടി. അസഫലി പറയുന്നത്. കേസ് പെട്ടെന്ന് തെളിയിച്ച് മാദ്ധ്യമങ്ങൾക്കു മുന്നിലെത്താനാണ് മൂന്നുവർഷം മാത്രം സർവീസുണ്ടായിരുന്ന എസ്.ഐ ശ്രമിച്ചത്. താജുദീനോട് പൊലീസിന് മുൻ വിരോധമൊന്നും ഉണ്ടായിരുന്നില്ലത്രെ. മോഷണം നടക്കുന്ന സമയത്ത് താജുദീൻ 11 കിലോമീറ്റർ അകലെയുള്ള അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു.

ശരത്തിനെ കുടുക്കിയത് ഭാര്യ

യഥാർത്ഥ പ്രതിയായ ശരത് വത്സരാജിന്റെ ഭാര്യ മുഖേന മോഷണവിവരം പുറത്തുവന്നത് താജുദീന് തുണയായി. സഹപാഠിയായിരുന്ന ഒരു പൊലീസുകാരനോടാണ് ശരത് വത്സരാജിന്റെ ഭാര്യ യഥാർത്ഥ സംഭവം രഹസ്യമായി പറഞ്ഞത്. തുടർന്നാണ് ശരത് പിടിയിലായത്.