ഗാഡ്‌ഗിലിനെ പിന്തുണച്ചു പി.ടിയെ നാടുകടത്തി
തൊടുപുഴ: ഗാഡ്‌ഗിലിനെ പിന്തുണച്ചതിന്റെ പേരിൽ ജന്മനാട്ടിൽ നിന്ന് നാടുകടത്തപ്പെട്ടയാളായിരുന്നു അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി. തോമസ്. 2009- 2014ൽ പി.ടി ഇടുക്കി എം.പിയായിരിക്കെയാണ് പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്രം ഗാഡ്‌ഗിൽ റിപ്പോർട്ട് കൊണ്ടുവരുന്നത്. യു.പി.എ സർക്കാരിന്റെ റിപ്പോർട്ടായിട്ടും കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയപാർട്ടികളും കത്തോലിക്കാ സഭയും കർഷക സംഘടനകളും റിപ്പോർട്ടിനെ നഖശിഖാന്തം എതിർത്തു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് റിപ്പോർട്ട് നടപ്പാക്കണമെന്നായിരുന്നു തോമസിന്റെ ഉറച്ച നിലപാട്.
ഇതോടെ ഇടുക്കിയൊന്നാകെ പി.ടിക്ക് എതിരായി. അന്നത്തെ ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പരസ്യമായി രംഗത്തെത്തി. പള്ളികളിൽ പി.ടിക്കെതിരെ ഇടയലേഖനങ്ങൾ വായിച്ചു. പ്രതീകാത്മകമായി ശവഘോഷയാത്ര നടത്തി. അന്ന് പി.ടി പൊതുയോഗങ്ങൾക്ക് വരുമ്പോൾ ഒരു ലേഖനം കൈയിൽക്കാണും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും ഫ്രാൻസിസ് മാർപ്പാപ്പ എഴുതിയ ലേഖനം. ഇത് വായിച്ചാണ് മെത്രാന്മാരെ നേരിട്ടത്.
സഭയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ പി.ടിക്ക് സീറ്റ് നിഷേധിച്ചു. രണ്ടുതവണ എം.പിയായ ഫ്രാൻസിസ് ജോർജിനെ 74,796 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വീഴ്ത്തി മണ്ഡലം തിരിച്ചുപിടിച്ച കരുത്തനെയാണ് പാർട്ടി കൈയൊഴിഞ്ഞത്. പകരം കാസർകോട് മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല നൽകി. മറുത്തൊരു വാക്ക് പറയാതെ പി.ടി ഇടുക്കി വിട്ടു. പ്രിയ ശിഷ്യൻ ഡീൻ കുര്യാക്കോസായിരുന്നു പകരക്കാരൻ. താൻ സ്ഥാനാർത്ഥിയാകുമെന്നു പ്രതീക്ഷിച്ച് ഒരു വ്യക്തി നൽകിയ 25,000 രൂപ ഡീനിന് നൽകിയാണ് ഇടുക്കി വിട്ടതെന്ന് പി.ടി പറഞ്ഞിട്ടുണ്ട്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയുള്ള ഇടത് സ്വതന്ത്രൻ ജോയ്സ് ജോർജ്ജ് ഡീനിനെ പരാജയപ്പെടുത്തി.
പിറന്നനാട്ടിൽ നിന്ന് നാടുകടത്തപ്പെട്ട പി.ടിയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചെന്ന് എല്ലാവരും വിധിയെഴുതി. ഫീനിക്സ് പക്ഷിയെ പോലെ തൃക്കാക്കരയിൽ നിന്ന് നിയമസഭയിലേക്ക് ഉയിർത്തെഴുന്നേറ്റ പി.ടിയെ കേരളം അദ്ഭുത്തോടെയാണ് നോക്കിക്കണ്ടത്. ലോക്സഭാ സീറ്റടക്കം നഷ്ടമായിട്ടും പ്രിയപ്പെട്ടവർ തള്ളിപ്പറഞ്ഞിട്ടും അവസാന ശ്വാസം വരെ നിലപാടിൽ നിന്ന് ഒരിഞ്ച് അദ്ദേഹം പിന്നോട്ടുപോയില്ല. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടാതെ കേരളത്തിന് നിലനിൽപ്പില്ലെന്ന് നിയമസഭയിൽ അവസാന നാൾ വരെ അദ്ദേഹം വാദിച്ചു. തന്റെ റിപ്പോർട്ട് പൂർണമായും വായിച്ചു ഗ്രഹിച്ച ചുരുക്കം നേതാക്കളിൽ ഒരാളാണ് പി.ടി. തോമസെന്ന് ഗാഡ്‌ഗിൽ പ്രശംസിച്ചിട്ടുണ്ട്.
പി.ടിയെ ഓർത്ത്
ഉമ തോമസ്
ഗാഡ്‌ഗിന്റെ മരണ വാർത്ത കേട്ടപ്പോൾ ഓർമ്മ വന്നത് പി.ടി. തോമസിനെയാണെന്ന് ഭാര്യ ഉമ തോമസ്. പരിസ്ഥിതിക്ക് വേണ്ടി അദ്ദേഹം ഉയർത്തിയ ആവശ്യങ്ങൾക്കൊപ്പം എന്നും പി.ടിയുണ്ടായിരുന്നു. സ്ഥാനം നഷ്ടപ്പെട്ടപ്പോഴും നിലപാടുകളിൽ ഉറച്ചുനിന്നു. ഗാഡ്‌ഗിൽ പറഞ്ഞത് മനുഷ്യരാശിക്ക് വേണ്ടിയായിരുന്നു. പ്രളയമടക്കമുള്ള ദുരന്തങ്ങൾ വന്നപ്പോൾ അത് സത്യമായി. ഏറ്റവും മികച്ച പാർലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ടിട്ടും പി.ടിക്ക് സീറ്റ് നിഷേധിക്കപ്പെട്ടു. അതെല്ലാം അദ്ദേഹത്തെ വിഷമിപ്പിച്ചിട്ടുണ്ട്.