മനുഷ്യരെ വീണ്ടും വീണ്ടും  പ്രകൃതിയോടടുപ്പിച്ച നിലപാടുകാരൻ

Friday 09 January 2026 1:15 AM IST

മനുഷ്യരെ വീണ്ടും വീണ്ടും പ്രകൃതിയോടടുപ്പിച്ച നിലപാടുകാരനായിരുന്നു മഹാനായ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. മാധവ് ഗാഡ്ഗിൽ. പരിസ്ഥിതി സംരക്ഷണത്തിനും ശാസ്ത്ര ചിന്തയ്ക്കും വേണ്ടി അദ്ദേഹം തന്റെ ജീവിതം തന്നെ സമർപ്പിച്ചു. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഗാഡ്ഗിൽ ഉയർത്തിപ്പിടിച്ച നിലപാടുകളും നിരീക്ഷണങ്ങളുമെല്ലാം വികസനവും പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള സന്തുലിതാവസ്ഥയെ കുറിച്ച് ചിന്തിപ്പിക്കുന്നതായിരുന്നു.

നടപ്പിലാക്കുന്ന ഓരോ പദ്ധതികളെപ്പറ്റിയും തീരുമാനമെടുക്കേണ്ടത് ആ പ്രദേശത്തെ ജനങ്ങളായിരിക്കണം എന്ന് അദ്ദേഹം ഭരണകൂടങ്ങളെ ഓർമ്മപ്പെടുത്തി. പ്രകൃതിയുടെ വിലയറിയുന്നത് അതതിടങ്ങളിൽ ജീവിച്ചു പോരുന്ന കർഷകരും മുക്കുവരും ആദിമനിവാസികളുമാണ്. അവരാണ് പ്രകൃതിയെ സംരക്ഷിക്കുന്നവർ. അവർക്കാണ് പ്രകൃതിയുടെ വിലയറിയുന്നവർ എന്ന് മാധവ് ഗാഡ്ഗിൽ നമ്മളോട് പറഞ്ഞുകൊണ്ടിരുന്നു.

കേരളത്തിലെ സർക്കാരുമായും ഇവിടത്തെ പരിസ്ഥിതി സംരക്ഷണ സംഘടനകളുമായും പ്രകൃതി സ്‌നേഹികളുമായും ആഴത്തിൽ ഇഴയടുപ്പം ഉണ്ടായിരുന്ന വ്യക്തിത്വമായിരുന്നു ഗാഡ്ഗിൽ.

പശ്ചിമഘട്ടത്തെ ഇത്രയേറെ പ്രണയിച്ച ഒരു പ്രകൃതി സ്‌നേഹി ഇല്ലെന്ന് പറയാം. അദ്ദേഹം തന്റെ ആത്മകഥയ്ക്ക് പേരിട്ടതു തന്നെ 'പശ്ചിമഘട്ടം ഒരു പ്രണയകഥ' എന്നാണ്. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതി അദ്ധ്യക്ഷൻ എന്ന നിലയിൽ ഡോ. മാധവ് ഗാഡ്ഗിൽ കേവലം ഒരു പാരിസ്ഥിതിക പഠന റിപ്പോർട്ട് മേശപ്പുറത്തു വച്ച് മടങ്ങുകയായിരുന്നില്ല. പ്രകൃതിക്കും മനുഷ്യനും വേണ്ടി യാത്ര തുടർന്നു കൊണ്ടേയിരുന്നു. പശ്ചിമ ഘട്ടത്തിലെ ഓരോ കാൽവയ്പ്പിലും നമ്മളെ ഓരോ പാഠങ്ങൾ പഠിപ്പിച്ചു.

പ്രകൃതിയിൽ ജീവിക്കുന്ന ഓരോ മനുഷ്യനും മറക്കാനാവാത്ത ആ മഹാ വ്യക്തിത്വത്തിന്റെ വേർപാട് വലിയ നഷ്ടമാണ്.

(സംസ്ഥാന (റവന്യൂ വകുപ്പ് മന്ത്രിയാണ് ലേഖകൻ )