സർക്കാർ ഫണ്ട് ലഭിച്ചില്ല; കാലിക്കറ്റ് സർവകലാശാലയിലെ പ്രൊജക്ട് മോഡ് കോഴ്സുകൾ പ്രതിസന്ധിയിൽ

Friday 09 January 2026 1:20 AM IST

മലപ്പുറം: 2022ൽ കാലിക്കറ്റ് സർവകലാശാലയിൽ ആരംഭിച്ച പ്രൊജക്ട് മോഡ് കോഴ്സുകൾ സർക്കാർ വാഗ്ദാനം ചെയ്ത ധനസഹായം ലഭിക്കാതിരുന്നതിനെ തുടർന്ന് പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. നാക് അക്രഡിറ്റേഷൻ ലഭിച്ചതിന്റെ ഭാഗമായി നടന്ന അനുമോദന പരിപാടിയിൽ കാലിക്കറ്റിൽ മൂന്ന് പ്രൊജക്ട് മോഡ് പ്രോഗ്രാമുകൾക്ക് സർക്കാർ ഫണ്ട് നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ഫണ്ടൊന്നും അനുവദിച്ചിട്ടില്ലെന്നാണ് സർവകലാശാല വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ബോട്ടണി, കമ്പ്യൂട്ടർ സയൻസ്, ഇ.എം.എം.ആർ.സി (എഡ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ) വിഭാഗങ്ങളിലാണ് നിലവിൽ പ്രൊജക്ട് മോഡ് കോഴ്സുകൾ നടത്തിവരുന്നത്. തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്ന ഷോർട്ട്‌ ടേം, സ്‌കിൽ അധിഷ്ഠിത പഠന പരിപാടികൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്സുകൾ രൂപകൽപ്പന ചെയ്തത്. എന്നാൽ, സർക്കാർ ധനസഹായം ലഭിക്കാതെ തുടരുന്നത് പദ്ധതികളുടെ തുടർച്ചയെ തന്നെ ചോദ്യം ചെയ്യുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഈ കോഴ്സുകളിൽ അദ്ധ്യാപകർക്ക് ശമ്പളയിനത്തിൽ മാത്രം പ്രതിവർഷം ഏകദേശം 77 ലക്ഷം രൂപ ചെലവഴിക്കുന്നുണ്ട്. നിലവിൽ ഈ മുഴുവൻ തുകയും സർവകലാശാലയുടെ തനത് ഫണ്ടിൽ നിന്നാണ് നൽകിവരുന്നത്. കൂടാതെ ലാബുകൾക്കും മറ്റു സംവിധാനങ്ങൾക്കും അധിക ചെലവും വരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, ദീർഘകാലം ഇത്തരമൊരു ബാദ്ധ്യത സർവകലാശാലയ്ക്ക് വഹിക്കാൻ കഴിയില്ലെന്നത് ആശങ്ക ശക്തമാകുകയാണ്. വലിയ പ്രതീക്ഷകളോടെ സർവകലാശാല പ്രഖ്യാപിച്ച പ്രൊജക്ട് മോഡ് പ്രോഗ്രാമുകൾക്ക് സർക്കാർ ഫണ്ട് ലഭിക്കാത്ത പക്ഷം, അവ നിറുത്തലാക്കേണ്ട സാഹചര്യമാണിപ്പോൾ നിലനിൽക്കുന്നത്. ഇത് വിദ്യാർത്ഥികളുടെ ഭാവിയെയും, തൊഴിൽമേഖലയോട് ചേർന്നുള്ള അക്കാദമിക് നവീകരണ ശ്രമങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്.

റിപ്പോർട്ട് തേടി

  • ഡിസംബർ 31ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം പ്രൊജക്ട് മോഡ് പ്രോഗ്രാമുകളുടെ അഡ്മിഷൻ സ്റ്റാറ്റസ് റിപ്പോർട്ടുകൾ ജനുവരി 15നുള്ളിൽ സമർപ്പിക്കാൻ ജനറൽ ആൻഡ് അക്കാദമിക് വിഭാഗത്തിന് നിർദ്ദേശം നൽകി.
  • പല പ്രോഗ്രാമുകളിലും പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ വിദ്യാർത്ഥി പ്രവേശനം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
  • പ്രവേശനം കുറയാനുള്ള കാരണങ്ങൾ, കോഴ്സുകളുടെ തൊഴിൽ സാദ്ധ്യത എന്നിവ ഉൾപ്പെടുത്തി സമഗ്ര വിലയിരുത്തൽ നടത്താനാണ് സിൻഡിക്കേറ്റിന്റെ തീരുമാനം.