തണുപ്പ് കൂടി, മനം മറന്ന് മാവുകൾ പൂത്തു: ഇക്കുറി നാടൻ മാമ്പഴം സുലഭമാവും

Friday 09 January 2026 1:23 AM IST
മലയോര മേഖലയിലെ നാടൻ മാവ് പൂത്ത നിലയിൽ

കാളികാവ് : തണുത്ത കാലാവസ്ഥയിൽ പൂത്ത് നിറഞ്ഞ് മാവുകൾ. നാടൻ മാവുകൾ എല്ലായിടത്തും നല്ല രീതിയിൽ പുഷ്പിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമില്ലാത്തതിനാൽ നാടൻ മാമ്പഴങ്ങൾ സുലഭമാവുമെന്നാണ് പ്രതീക്ഷ. സാധാരണ നിലയിൽ മാവും പ്ലാവും പൂക്കണമെങ്കിൽ തണുപ്പും മഞ്ഞുവീഴ്ചയും ആവശ്യമാണ്.

ഈവർഷം ആഴ്ചകളായി കൂടിയ തണുപ്പാണ് മലയോരത്ത് അനുഭവപ്പെട്ടത്. ഇത് മേഖലയിലെ റബർ,മാവ് എന്നിവയ്ക്ക് നല്ലകാലമായി. ഇക്കുറി ഒരു മാസത്തോളം കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടായിട്ടുണ്ട്. മഞ്ഞ് വീഴ്ച കുറഞ്ഞെങ്കിലും രാവിലെ മോശമല്ലാത്ത തണുപ്പ് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. അതിനാൽ റബർ കർഷകർ നല്ല പ്രതീക്ഷയിലാണ്. തണുപ്പ് കൂടുന്തോറും റബർ പാലിന്റെ അളവ് വർദ്ധിക്കും. ഇത് റബർ ഉത്പാദനം കൂട്ടും. തണുപ്പു നില നിൽക്കുമ്പോൾ തന്നെ അപ്രതീക്ഷിതമായി മഴ പെയ്താൽ മാമ്പൂവ് കൊഴിഞ്ഞു പോകാനും കരിഞ്ഞു പോകാനും ഇടയാക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന മാമ്പഴങ്ങളെക്കാൾ രുചിയും ഗുണമേന്മയുമുള്ളതാണ് നാടൻ മാമ്പഴങ്ങൾ. പൂവുകൾ വിരിഞ്ഞ് കായ് പിടിക്കുന്നത് വരെ മഴ പെയ്യരുതേ എന്ന പ്രാർത്ഥനയിലാണ് മാമ്പഴ സ്‌നേഹികൾ. റബറും മാവും പൂവിടുമ്പോൾ തേനുത്‌പാദനവും കൂടും. ഇത് മുൻകൂട്ടി കണ്ട് തേൻ കർഷകർ തോട്ടങ്ങളിൽ ഏറെ മുന്നൊരുക്കവും നടത്തിയിട്ടുണ്ട്.