പ്രശ്നം പറയാൻ മടിക്കേണ്ട; സ്‌നേഹിതയിൽ ഒരുവർഷത്തിനിടെ എത്തിയത് 395 കേസുകൾ

Friday 09 January 2026 1:24 AM IST

മലപ്പുറം: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച സമൂഹത്തിൽ ഒറ്റപ്പെട്ടുപോയതും അതിക്രമങ്ങൾക്ക് ഇരയായതുമായ സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും താൽക്കാലിക അഭയവും നൽകുന്ന ജെൻഡർ ഹെൽപ്പ് ഡെസ്‌ക്ക് പദ്ധതിയായ സ്‌നേഹിതയിൽ 2025-26ൽ എത്തിയത് 395 കേസുകൾ. 194 പരാതികൾ നേരിട്ടും 201 എണ്ണം ഫോൺ മുഖാന്തിരവുമാണ് എത്തിയത്. 79 പേർക്ക് താൽക്കാലിക അഭയവും നൽകി. 2013ൽ ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ ലഭിച്ചത് 5,434 കേസുകളാണ്. ഇതിൽ 2,774 കേസുകൾ നേരിട്ടും 2,660 എണ്ണം ഫോൺ മുഖാന്തിരവും ലഭിച്ചു. 828 പേർക്കാണ് താൽക്കാലിക അഭയം നൽകിയത്. ഗാർഹിക പീഡനം, മദ്യപാനം മൂലമുള്ള പ്രശ്നങ്ങൾ, കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയാണ് കൂടുതലായും എത്തുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലി കൗൺസിലിംഗ് സേവനം, നിയമ സഹായം, ആരോഗ്യ സംരക്ഷണം, പുനരധിവാസം, തൊഴിൽ പരിശീലനം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കും. ഇവർക്ക് തൊഴിൽ പരിശീലനവും മറ്റ് സഹായങ്ങളും പദ്ധതിയിലൂടെ ലഭ്യമാക്കുന്നുണ്ട്. അതേസമയം, 2025ൽ ആരംഭിച്ച സ്‌നേഹിത പൊലീസ് എക്‌സ്റ്റെൻഷൻ സെന്റർ വഴി ജില്ലയിൽ ഇതുവരെ എത്തിയത് 323 കേസുകളാണ്. വിവിധ ആവശ്യങ്ങൾക്കായി ഡിവൈ.എസ്.പി, എ.സി.പി ഓഫീസുകളിൽ എത്തുന്നവരിൽ അടിയന്തര മാനസിക പിന്തുണ ആവശ്യമുള്ള സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ കൗൺസലിംഗാണ് സ്‌നേഹിതയിലൂടെ നൽകുന്നത്.

ആറ് കേന്ദ്രങ്ങൾ

  • സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്കിന് കീഴിൽ കൗൺസലിംഗ് രംഗത്ത് പരിചയ സമ്പത്തുള്ള കമ്മ്യൂണിറ്റി കൗൺസിലർമാരാണ് എക്സ്റ്റൻഷൻ സെന്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നത്.
  • ജില്ലയിലെ ആറ് കേന്ദ്രങ്ങളിലും ഓരോ കമ്മ്യൂണിറ്റി കൗൺസിലർമാരുണ്ട്.
  • മലപ്പുറം, താനൂർ, തിരൂർ, കൊണ്ടോട്ടി, പെരിന്തൽമണ്ണ, നിലമ്പൂർ എന്നിവിടങ്ങളിലെ ഡിവൈ.എസ്.പി ഓഫീസുകളിലാണ് സ്‌നേഹിത എക്‌സ്റ്റെൻഷൻ സെന്റർ പ്രവർത്തിക്കുന്നത്.
  • ജില്ലയിലെ ആറ് കേന്ദ്രങ്ങളിലും ഓരോ കമ്മ്യൂണിറ്റി കൗൺസിലർമാരുണ്ടായിരിക്കും. ആഴ്ചയിൽ രണ്ട് ദിവസമായിരിക്കും പ്രവർത്തനം.

ജെൻഡർ ഹെൽപ്പ് ഡെസ്‌ക്ക് (2005-26)

ആകെ കേസുകൾ-395

സ്നേഹിത പൊലീസ് എക്‌സ്റ്റെൻഷൻ സെന്റർ (2005-26)

ആകെ കേസുകൾ - 323