ശബരിമല സ്വർണക്കൊള്ള: മുൻ അഡ്മിനിസ്ട്രേറ്ററുടെ ജാമ്യഹർജിയിൽ വാദം
കൊല്ലം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളി കവർന്ന കേസിലെ ആറാം പ്രതിയായ തിരുവിതാംകൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാറിന്റെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് 12ന് വിധി പറയും.
ശ്രീകുമാർ ചുമതലയേറ്റതിന്റെ രണ്ടാം ദിവസമാണ് സ്വർണപ്പാളി കൊണ്ടുപോയതെന്നും മഹസറിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് പ്രതിഭാഗം വാദിച്ചു. 2019 ജൂലായ് 17നാണ് ശ്രീകുമാർ ചുമതലയേറ്റത്. 19നാണ് സ്വർണപ്പാളി കൊണ്ടുപോയത്. സ്വർണപ്പാളി കൊണ്ടുപോകാനുള്ള തീരുമാനം ഉൾപ്പടെ എടുത്തത് മറ്റ് ഉദ്യോഗസ്ഥരാണെന്നും ശ്രീകുമാറിന് അതിൽ പങ്കില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ വർഷങ്ങളായി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി ചെയ്യുകയും പലതവണ സ്പെഷ്യൽ ഡ്യൂട്ടി വാങ്ങി ശബരിമലയിൽ പ്രവർത്തിക്കുകയും ചെയ്ത ശ്രീകുമാറിന് പാളികൾ സ്വർണം പൂശിയതാണെന്ന് അറിയാമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
സ്വർണപ്പാളി ഇളക്കുന്നതിന് രണ്ടു ദിവസം മുമ്പ് ശബരിമലയിൽ ചുമതല ഏറ്റത് ഗൂഢാലോചനയുടെ ഭാഗമാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ പ്രതിക്ക് കൃത്യമായി അറിയാമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടർ സിജു രാജൻ കോടതിയിൽ ഹാജരായി. ഹൈക്കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് കഴിഞ്ഞ മാസം 17നാണ് പ്രത്യേക അന്വേഷണ സംഘം ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. സ്വർണപ്പാളി കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും ശ്രീകുമാറായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ.