"ഇ ഡിക്ക് കേസുണ്ടാക്കിക്കൊടുക്കാൻ കള്ളക്കേസ് എടുത്തത് കേരളത്തിലെ വിജിലൻസ് "; പിന്നിൽ മുഖ്യമന്ത്രിയെന്ന് പിവി അൻവർ
നിലമ്പൂർ: തനിക്കെതിരായ ഇഡി അന്വേഷണത്തിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പിവി അൻവർ. ഇഡി അന്വേഷണം വരാൻ വേണ്ടി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വിജിലൻസ് കേസെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ആരോപണം.
'ഇഡിയുടെ സമൻസ് കിട്ടി ചോദ്യം ചെയ്യലിന് വിധേയനായ ദിവസമാണിന്ന്. ഇങ്ങനെയൊരു വീഡിയോയുമായി നിങ്ങളുടെ മുന്നിൽ വരാനുള്ള കാരണം, ചില വാർത്താ ചാനലുകളിൽ എന്നെ അറസ്റ്റ് ചെയ്‌തെന്ന രീതിയിൽ വാർത്തവന്നതാണ്. എന്നെ സ്‌നേഹിക്കുന്നവർക്ക് ഇതുമൂലം വലിയ വിഷമമുണ്ടായി എന്നറിഞ്ഞതുകൊണ്ടാണ് ലൈവിൽ വന്നത്.
നമ്മളൊക്കെ സാമ്പത്തിക ആവശ്യം വരുമ്പോൾ ലോൺ എടുക്കുന്നവരാണ്. അങ്ങനെ ലോണെടുത്ത വ്യക്തികൂടിയാണ് ഞാൻ. ഒമ്പത് കോടി ലോണെടുത്തു. അഞ്ച് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ തിരിച്ചടച്ചു. കഴിഞ്ഞ കുറച്ചുകാലങ്ങളായി തിരിച്ചടവ് മുടങ്ങിയിട്ടുണ്ട്. കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്നാണ് ലോണെടുത്തത്. അതിന്റെ പേരിൽ തട്ടിപ്പിനായി ലോണെടുത്തു എന്ന രീതിയിൽ വിജിലൻസ് കേസെടുത്തു. ഇതിനുപിന്നിൽ കേരളത്തിലെ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശമാണെന്ന് ഞാൻ മനസിലാക്കുന്നു.
ഈ എഫ്‌ഐആറിനെ ചൂണ്ടിക്കാട്ടി ഇഡിക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് അവർ കേസന്വേഷിക്കുന്നത്. അങ്ങനെ പരാതി കിട്ടിയാൽ സ്വാഭാവികമായും ഇഡിക്ക് അന്വേഷിക്കേണ്ടിവരും. ആ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
പക്ഷേ ഇഡിക്ക് അന്വേഷിക്കാനായി കേസുണ്ടാക്കിക്കൊടുക്കാൻ കള്ളക്കേസ് എടുത്തത് കേരളത്തിലെ വിജിലൻസാണ്. അതിന്റെ രാഷ്ട്രീയം ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം. പിണറായി സർക്കാരിനെതിരെയും പിണറായിസത്തിനെതിരെയും മരുമോനിസത്തിനെതിരെയും ശക്തമായ നിലപാടെടുക്കുകയും ജനങ്ങളോട് പറഞ്ഞുതുടങ്ങുകയും ചെയ്ത അന്നുമുതലാണ് നിരവധിയായ കേസുകൾ എന്റെ പേരിൽ രജിസ്റ്റർ ചെയ്തത്. അതിൽ ഒന്നുമാത്രമാണിത്. കേരളത്തിലെ നീതിന്യായ വ്യവസ്ഥയിലാണ് ഞാൻ വിശ്വാസമർപ്പിക്കുന്നത്. കള്ളക്കേസുകൾക്കെതിരെ കോടതിയിൽ പോരാട്ടം തുടരും.'- അൻവർ പറഞ്ഞു.