"ഭർത്താവ് മരിച്ചിട്ട് രണ്ട് മാസം"; നഷ്ടപരിഹാരമല്ല, ജോലിയാണ് വേണ്ടതെന്ന് ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ ഭാര്യ
തിരുവനന്തപുരം: സർക്കാർ ജോലി നൽകണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ച ഓട്ടോ ഡ്രൈവർ വേണുവിന്റെ ഭാര്യ സിന്ധു. ഭർത്താവ് മരിച്ചിട്ട് രണ്ട് മാസമായെന്നും രണ്ട് പെൺമക്കളാണെന്നും അവർ ഒരു ചാനലിനോട് പറഞ്ഞു.
ചികിത്സ കിട്ടാതെ വേണു മരിച്ച സംഭവത്തിൽ ഇന്നലെ അന്വേഷണ റിപ്പോർട്ട് വന്നിരുന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ നിയമപോരാട്ടം ആരംഭിക്കുമെന്ന് സിന്ധു ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് അവർ ഇപ്പോൾ.
'ഞാൻ എന്താണോ പറഞ്ഞത് അതെല്ലാം അവരുടെ വീഴ്ചകളായി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഈ വീഴ്ചകൾവരുത്തിയവർക്കെതിരെ യാതൊരു നടപടിയും ഞാൻ അതിൽ കണ്ടിട്ടില്ല. അതാണ് എന്റെ ഏറ്റവും വലിയ വിഷമം.
ഡോക്ടർമാർക്കും, അവിടത്തെ സ്റ്റാഫിനുമൊക്കെ കൗൺസിലിംഗ് കൊടുക്കണമെന്നൊക്കെയാണ് റിപ്പോർട്ടിലുള്ളത്. ഒരാളുടെയും പേര് സൂചിപ്പിച്ചിട്ടില്ല. ഇനിയൊരു കുടുംബത്തിനും ഇങ്ങനെ നാഥനില്ലാതാകാതിരിക്കട്ടെ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അവർക്കെതിരെ എന്തെങ്കിലും നടപടിയെടുത്തേ പറ്റൂ. ഇല്ലെങ്കിൽ നാളെയും ഇതാവർത്തിച്ചുകൊണ്ടിരിക്കും. സർക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലുമൊരു തീരുമാനമുണ്ടായില്ലെങ്കിൽ നിയമപരമായി പോരാടും. എനിക്ക് നീതി കിട്ടിയേ പറ്റൂ. രണ്ട് പെൺമക്കളാണ്. എനിക്ക് നഷ്ടപരിഹാരമല്ല വേണ്ടത്, ജോലിയാണ്. രണ്ട് മാസമായി ഭർത്താവ് മരിച്ചിട്ട്. നിങ്ങൾ എങ്ങനെ കഴിയുന്നുവെന്ന് ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്ന് ആരും അന്വേഷിച്ചിട്ടില്ല. ഞാനൊരു മാനേജ്‌മെന്റ് സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. ആ സാലറിയിലാണ് കുടുംബം നീങ്ങുന്നത്. മാസം പതിനായിരം രൂപയാണ് കിട്ടുന്നത്. അന്വേഷണം പ്രഹസനമാകാൻ പാടില്ല.'- സിന്ധു പറഞ്ഞു.