വീട് ജപ്തി ചെയ്തു; പിഞ്ചുകുഞ്ഞും മൂന്ന് വയോധികരുമുൾപ്പെടെയുള്ള കുടുംബം പെരുവഴിയിൽ

Friday 09 January 2026 8:42 AM IST

തിരുവനന്തപുരം: വീട് ബാങ്ക് ജപ്തി ചെയ്തതോടെ പിഞ്ചുകുഞ്ഞും വയോധികരും ഉൾപ്പടെയുള്ള കുടുംബം പെരുവഴിയിൽ. പറണ്ടോട് തെങ്ങുംപുറം സജ്ന മൻസിലിൽ നിഹാസിന്റെ വീടാണ് ആര്യനാട്ടെ ഒരു ബാങ്ക് ജപ്തി ചെയ്തത്. ഇന്നലെ വൈകിട്ടായിരുന്നു ജപ്തി. നിഹാസും ഭാര്യയും അഞ്ചുമാസമായ കുഞ്ഞും നിഹാസിന്റെ മാതാപിതാക്കളും മുത്തശ്ശിയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർക്ക് രാത്രി വീടിന് പുറത്ത്‌ കിടക്കേണ്ടിവന്നു.

നിഹാസ് പ്രവാസിയായിരുന്നു. എൻആർഐ ലോണെടുത്തായിരുന്നു വീട് നിർമിച്ചത്. പ്രതിമാസം 11,000 രൂപയായിരുന്നു അടവ്. കൊവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി. പിന്നാലെയുണ്ടായ അപകടത്തിൽ പരിക്കേറ്റ നിഹാസ് ഏറെ നാൾ ചികിത്സയിലായിരുന്നു. ഇതോടെ അടവ് മുടങ്ങി.

ചികിത്സയ്‌ക്കൊടുവിൽ ആരോഗ്യം വീണ്ടെടുത്ത് പിതാവിന്റെ ജോലിയായ ചുമട്ടുതൊഴിൽ ചെയ്തുവരികയായിരുന്നു. കുടിശ്ശിക തുക നിലനിർത്തി ബാക്കി തുക അടച്ചുതീർക്കാമെന്ന് പലതവണ ബ്രാഞ്ചുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. എന്നാൽ മുഴുവൻ തുകയും അടയ്ക്കണമെന്നായിരുന്നു ബാങ്കിന്റെ നിലപാട്.

അഞ്ച് ലക്ഷം രൂപയോളം തിരിച്ചടച്ചു. പലിശയടക്കം ബാക്കി തുക അടയ്ക്കാനുള്ള ശ്രമത്തിനിടയിലാണ് ജപ്തി. പോകാൻ വേറൊരു ഇടം ഇല്ലാത്തതിനാലാണ് കുടുംബത്തിന് വീടിന് പുറത്ത് കിടക്കേണ്ടിവന്നത്.