ഷാഫിക്കും സുധാകരനും വാതിലടയും? നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാർക്ക് അനുമതിയില്ല
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കവേ കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ലെന്ന് വിവരം. നിലവിൽ എംപിമാർ മത്സരിക്കേണ്ട സാഹചര്യമില്ലെന്നാണ് എഐസിസിയുടെ വിലയിരുത്തലെന്നാണ് റിപ്പോർട്ട്. ഇത് ഷാഫി പറമ്പിൽ എംപിക്കും കെ സുധാകരൻ എംപിക്കും തിരിച്ചടിയായിരിക്കുകയാണ്. പാലക്കാട് യുവാക്കളെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് ഉറപ്പിച്ചപ്പോൾ ആദ്യം ഉയർന്നത് ഷാഫിയുടെ പേരായിരുന്നു. കണ്ണൂരിൽ താൻ മത്സരിക്കുമെന്ന അവകാശവാദവുമായി സുധാകരൻ എത്തിയതും ചർച്ചയായതായിരുന്നു. ഇതിനിടയിലാണ് നേതൃത്വം പുതിയ തീരുമാനത്തിലെത്തിയത്.
തദ്ദേശതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി ലഭിച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. താരപ്രമുഖരെ കളത്തിലിറക്കുമെന്ന് കോൺഗ്രസ് നേരത്തേ സൂചന നൽകിയിരുന്നു. അതേസമയം, എംപി സ്ഥാനം വിട്ട് എംഎൽഎമാരാകാൻ ശ്രമിക്കുന്നത് എതിരാളികൾ പ്രചാരണ ആയുധമാക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒന്നോ രണ്ടോ എംപിമാർക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ അവകാശവാദം ഉന്നയിക്കാനും തർക്കമുണ്ടാകാനും സാദ്ധ്യതയുണ്ട്. മത്സരിച്ചവർ കൂട്ടത്തോടെ ജയിച്ചുവന്നാൽ, ഒരു മിനി ലോക്സഭാ തിരഞ്ഞെടുപ്പ് വേണ്ടി വരുന്ന സ്ഥിതിയുണ്ടാകും. പകരം സ്ഥാനാർത്ഥികളെ കണ്ടെത്തണമെന്ന തലവേദന വേറെയുമുണ്ടാകും. അതിനാലാണ് എംപിമാർ എംപിമാരായി തന്നെ ഇരുന്നാൽ ഈ തലവേദനയൊന്നുമുണ്ടാകില്ലെന്ന വാദം ശക്തിപ്പെടുന്നതെന്നാണ് സൂചന. കോൺഗ്രസിന്റെ ദേശീയ തിരഞ്ഞെടുപ്പ് സമിതിയാണ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടത്.
എന്നാൽ നിയമസഭയിലേക്ക് എംപിമാർ മത്സരിക്കേണ്ട ആവശ്യമില്ലെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രതികരിച്ചത്. തനിക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ താൽപര്യമില്ലെന്നും മറ്റ് എംപിമാരെയും മത്സരിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. 'കേരളത്തിൽ മത്സരിച്ച് ജയിക്കാൻ സാദ്ധ്യതയുള്ള ഒരുപാട് നേതാക്കൾ ഉള്ളപ്പോൾ എന്തിനാണ് എംപിമാരെ അനാവശ്യമായി സീറ്റ് കൊടുത്ത് മത്സരരംഗത്തേക്ക് വലിച്ചിഴയ്ക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ഒരു എംപിക്കുള്ള പ്രാധാന്യം എല്ലാവരും മനസിലാക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള പോരാട്ടം ഓരോ ദിവസവും ശക്തിപ്പെടുമ്പോൾ ചില നേതാക്കൾ എന്തിനാണ് കേരളത്തിലേക്ക് വരാൻ ശ്രമിക്കുന്നത്. ഹൈക്കമാൻഡിന്റെ പുതിയ തീരുമാനത്തെ ആദ്യം സ്വാഗതം ചെയ്യുന്നത് ഞാനായിരിക്കും'- രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.