കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണു; ആറാം ക്ലാസുകാരന് ദാരുണാന്ത്യം

Friday 09 January 2026 12:10 PM IST

മലപ്പുറം: വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ചു. കളത്തിൻപടി സ്വദേശി ഷാദിൻ (12) ആണ് മരിച്ചത്. മലപ്പുറം ചെങ്ങര പള്ളിപ്പടിയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മറ്റൊരിടത്ത് താമസിച്ച് പഠിക്കുന്ന സഹോദരനെ കണ്ടശേഷം ഷാദിനും മാതാവും ഓട്ടോയിൽ മടങ്ങവേയാണ് അപകടമുണ്ടായത്. പൂച്ച ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടുകയായിരുന്നു. ഇതോടെ പൂച്ചയെ രക്ഷിക്കാനായി ഡ്രൈവർ ഓട്ടോ വെട്ടിച്ചു. ഇതിനിടയിലാണ് കുട്ടി റോഡിലേക്ക് തെറിച്ചുവീണത്. തലയടിച്ചായിരുന്നു വീഴ്ച.

മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഇന്ന് തന്നെ ഖബറടക്കം നടക്കും. മഞ്ചേരി പുല്ലൂർ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഷാദിൻ.