തമിഴ്നാട്ടുകാരുടെ 'കളി', അനുഭവിക്കുന്നത് മലയാളികളും കേരളവും, 150ൽ നിന്ന് 280 രൂപയിലേക്ക്
കണ്ണൂർ: നിത്യോപയോഗ സാധന വില വർദ്ധനവിനെ തുടർന്ന് അടുക്കള ബഡ്ജറ്റ് താളം തെറ്റുന്നു. അരിയ്ക്കും പയറുവർഗങ്ങൾക്കും പച്ചക്കറിക്കും മത്സ്യത്തിനും മാംസത്തിനും എന്നുവേണ്ട അടുക്കളയിലെത്തേണ്ട സർവസാധനങ്ങൾക്കും വില കുതിച്ചുയരുകയാണ്. ഇതിന് പുറമെ പാചകവാതക വിലവർദ്ധനവ് കൂടിയായതോടെ കുടുംബ ബഡ്ജറ്റ് തന്നെ താളംതെറ്റുന്ന മട്ടാണ്.
വെളിച്ചെണ്ണ വില 400മുതൽ 450 വരെ എത്തിയിട്ടുണ്ട്. ഇതര എണ്ണകൾക്ക് 300 രൂപയോളം നൽകണം. കിലോക്ക് അറുപത് രൂപയ്ക്ക് മുകളിലാണ് മിക്ക പച്ചക്കറികളുടെയും വില. മുന്തിയ ഇനം മീനുകൾക്ക് കിലോയ്ക്ക് ആയിരത്തിന് മുകളിൽ നൽകണം. കോഴി വില 180 രൂപയിലെത്തി. കോഴിയിറച്ചിക്ക് കിലോ 280 രൂപയാണ് ഈടാക്കുന്നത്. ക്രിസ്മസിന് മുമ്പ് വരെ കിലോയ്ക്ക് 150 രൂപയിൽ താഴെയായിരുന്നു വില.മാട്ടിറച്ചി കിലോയ്ക്ക് 350-450 വരെയെത്തി.
അടുത്തിടെ ആലപ്പുഴയിൽ താറാവുകൾക്കുണ്ടായ പക്ഷിപ്പനിയുടെ മറവിൽ ഏജന്റുമാരാണ് കോഴിവില വർദ്ധിപ്പിക്കുന്നതെന്ന് ചെറുകിട കച്ചവടക്കാർ പറഞ്ഞു. വേനൽ ആരംഭിച്ചതോടെ ജില്ലയിലെ ഫാമുകളിലെ കോഴി വളർത്തൽ കുറഞ്ഞു. ഈ പ്രതിസന്ധി ചൂഷണം ചെയ്ത് തമിഴ്നാട്ടിലെ ഫാമുകൾ വില കുത്തനെ കൂട്ടിയതും. കോഴി വില കുതിച്ചുയരാൻ കാരണമായി. കോഴിത്തീറ്റയുടെ വില കൂടിയതും വില വർദ്ധനയ്ക്ക് പിന്നിലുണ്ട്.ഭക്ഷ്യവിഭവങ്ങളുടെ വിലക്കയറ്റം ഹോട്ടൽ വിലയിലും പ്രതിഫലിച്ചുതുടങ്ങിയിട്ടുണ്ട്. വെജിറ്റേറിയൻ ഊണിന് ഹോട്ടലുകളിൽ അറുപത് മുതൽ നൂറു രൂപ വരെയും മീൻകറി അടക്കമുള്ള നോൺ വെജിന് കുറഞ്ഞത് എൺപത് മുതൽ 90വരെയുമാണ് നൽകേണ്ടിവരുന്നത്.
ഹോട്ടൽ വ്യവസായത്തെ ചതിച്ച് പാചകവില വർദ്ധനവ് നിത്യോപയോഗ സാധനങ്ങൾക്കൊപ്പം ചാചക വാതക വിലയും വർദ്ധിപ്പിച്ചതോടെ ഹോട്ടൽ വ്യവസായവും പ്രതിസന്ധിയിലായി. കൊമേഴ്സ്യൽ എൽപി.ജി വില ഒറ്റയടിയ്ക്ക് 111 രൂപയാണ് കൂട്ടിയത്. ഒരു വർഷത്തിനുള്ളിൽ നാലു തവണയാണ് വില വർദ്ധന.ഒരുതവണ മാത്രമാണ് കുറച്ചത്.ഒരു മീഡിയം ഹോട്ടലിൽ അഞ്ച് സിലിണ്ടർ ഒരു ദിവസം ഉപയോഗിക്കേണ്ടിവരും. ഇതുവഴി ദിവസം 500 വച്ച് 15000 രൂപയുടെ അധിക ചെലവ് വരുന്നുവെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. സമീപകാലത്ത് നിരവധി ഹോട്ടലുകൾ ജില്ലയിൽ അടച്ചു പൂട്ടി.