ശബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കം; തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ

Friday 09 January 2026 2:12 PM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് വാതിൽ തുറന്നുകൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണത്തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശയാസ്പദമാണെന്നാണ് റിപ്പോർട്ടിലുള്ളത്.

ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് തന്ത്രിയാണെന്ന് കേസിൽ നേരത്തെ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറടക്കം മൊഴി നൽകിയിരുന്നുവെന്നാണ് വിവരം. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് അന്വേഷണ സംഘത്തിന്റെ ഓഫീസിലേക്ക് തന്ത്രിയെ വിളിച്ചുവരുത്തിയത്. ഉച്ചതിരിഞ്ഞും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാടും സ്ഥിരീകരിച്ചതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കേസെടുത്തു. കൊല്ലം വിജിലൻസ് കോടതി ഈ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച തെളിവുകളെല്ലാം ഇഡിയ്‌ക്ക് കൈമാറാൻ ഉത്തരവിട്ടിരുന്നു. ഈ രേഖകൾ പരിശോധിച്ച്, ഡയറക്‌ടറേറ്റിൽ നിന്നും അനുമതിയും ലഭിച്ചതോടെയാണ് ഇഡി ഇപ്പോൾ ഇടപാടിൽ കേസെടുത്തിരിക്കുന്നത്.