സ്വർണക്കൊള്ള അന്വേഷിക്കാൻ ഇഡി: ഇസിഐആർ രജിസ്‌റ്റർ ചെയ്‌ത് കേന്ദ്ര ഏജൻസി

Friday 09 January 2026 2:15 PM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാടും സ്ഥിരീകരിച്ചതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കേസെടുത്തു. കൊല്ലം വിജിലൻസ് കോടതി,പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച തെളിവുകളെല്ലാം ഇഡിയ്‌ക്ക് കൈമാറാൻ ഉത്തരവിട്ടിരുന്നു. ഈ രേഖകൾ പരിശോധിച്ച്, ഡയറക്‌ടറേറ്റിൽ നിന്നും അനുമതിയും ലഭിച്ചതോടെയാണ് ഇഡി ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഡയറക്‌ടറേറ്റിൽ നിന്നും അനുമതി കൊച്ചി ഇഡി സോണൽ ഓഫീസിൽ ലഭിച്ചത്. ഇന്ന് ഇസിഐആർ രജിസ്റ്റർ ചെയ്‌തു. അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിച്ച ശേഷം ഇന്നുതന്നെ ഇ.സി.ഐ.ആർ കോടതിയിൽ സമർപ്പിക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) വിവിധ വകുപ്പുകളനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിപ്പട്ടികയിലുള്ള ഉണ്ണിക്കൃഷ്‌ണൻ പോറ്റി, സിപിഎം നേതാവ് പത്മകുമാർ, എൻ വാസു, മുരാരിബാബു അടക്കം എല്ലാവരും ഈ കേസിലും പ്രതിപട്ടികയിലുൾപ്പെടും.

എസ്.ഐ.ടി പ്രതിചേർത്ത ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ഇ.ഡി നടപടിയുണ്ടാകും. ഇ.ഡി അഡിഷണൽ ഡയറക്ടറാണ് അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിക്കേണ്ടത്. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബു തുടങ്ങി പ്രതിപ്പട്ടികയിലുള്ളവരെ കോടതി അനുമതിയോടെ ചോദ്യം ചെയ്യലാകും ആദ്യഘട്ടം. സ്വർണക്കൊള്ള നടന്ന കാലത്തെ ഇവരുടെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കും.

എവിടെ നിന്നൊക്കെ പണം ലഭിച്ചു, ആരുമായി പണമിടപാടുകൾ നടത്തി തുടങ്ങിയവ കണ്ടെത്തും. തട്ടിപ്പ് നടന്ന കാലയളവിലെ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ, അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ മുതൽ അന്ന്‌ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്കു വരെ അന്വേഷണം നീളും. ഒത്താശ ചെയ്തവർ, വിഹിതം കൈപ്പറ്റിയവർ തുടങ്ങിയവരെയും കണ്ടെത്തും. തെളിവുകൾ ലഭിച്ചാൽ, അക്കാലത്ത് ദേവസ്വവുമായി ബന്ധപ്പെട്ട ഉന്നതരെ ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും ഇ.ഡിക്ക് കഴിയും.

തട്ടിപ്പിന്റെ ആസൂത്രകരെന്ന് വ്യക്തമായ ഉണ്ണികൃഷ്ണൻ പോറ്റി, എ. പത്മകുമാർ, ബി. മുരാരി ബാബു, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, കർണാടകയിലെ ജുവലറിയുടമ ഗോവർദ്ധൻ എന്നിവരുടെ സാമ്പത്തിക ഇടപാടുകളിൽ പ്രാഥമിക പരിശോധന നടത്തിയതായാണ് സൂചന. ബാങ്കുകളിൽ നിന്നുൾപ്പെടെ കൂടുതൽ രേഖകൾ ശേഖരിക്കും.