ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു

Friday 09 January 2026 2:48 PM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായി. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ ഓഫീസിലെത്തിക്കുകയായിരുന്നു. സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തന്ത്രിക്കെതിരെ ശബരിമലയിലെ ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോ​റ്റിയുടെ സ്വാധീനത്തിനുപിന്നിൽ തന്ത്രിയാണെന്നാണ് ജീവനക്കാരുടെ മൊഴി. പോ​റ്റിക്ക് സ്‌പോൺസറായി വഴിയൊരുക്കിയത് തന്ത്രിയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണത്തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശയാസ്പദമാണെന്നും അന്വേഷണ സംഘത്തിന്റെ നിഗമനം.

കഴിഞ്ഞ രണ്ടുദിവസങ്ങളിലും തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം വിളിപ്പിച്ചിരുന്നു. പക്ഷെ ആരോഗ്യകാരണങ്ങൾ പറഞ്ഞ് തന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. ഇയാൾക്കെതിരെ എങ്ങനെ അഴിമതി നിരോധന വകുപ്പ് ചുമത്തുമെന്ന് ചോദ്യങ്ങൾ നേരത്തെ വന്നിരുന്നു. ഇതിൽ അന്വേഷണ സംഘം തെളിവുകൾ ശേഖരിക്കുകയായിരുന്നു. എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ മുതൽ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യൽ നടന്നത്. ഉണ്ണികൃഷ്ണൻ പോ​റ്റി തട്ടിപ്പ് നടത്തിയിരുന്നത് തന്ത്രിക്കറിയാമായിരുന്നു. ദൈവതുല്യരായ ആളുകളും ഇതിനുപിന്നിലുണ്ടെന്ന് അറസ്​റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാർ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാടും സ്ഥിരീകരിച്ചതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കേസെടുത്തു. കൊല്ലം വിജിലൻസ് കോടതി ഈ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച തെളിവുകളെല്ലാം ഇഡിയ്‌ക്ക് കൈമാറാൻ ഉത്തരവിട്ടിരുന്നു. ഈ രേഖകൾ പരിശോധിച്ച്, ഡയറക്‌ടറേറ്റിൽ നിന്നും അനുമതിയും ലഭിച്ചതോടെയാണ് ഇഡി ഇപ്പോൾ ഇടപാടിൽ കേസെടുത്തിരിക്കുന്നത്.