ഇന്ത്യയിലെ തെരുവിൽ നിന്ന് അമേരിക്കയിലേക്ക്; സോഷ്യൽമീഡിയയിൽ വൈറലായി അലോക

Friday 09 January 2026 2:49 PM IST

വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള ഒരു തെരുവുനായ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ്. അമേരിക്കയിലുടനീളം സമാധാനസന്ദേശം പ്രചരിപ്പിക്കുന്ന 'വാക്ക് ഫോർ പീസ്'(സമാധാനത്തിനുള്ള നടത്തം) എന്ന ദൗത്യയാത്രയുടെ ഭാഗമാണ് അലോക. ബുദ്ധസന്ന്യാസികളുടെ സംഘത്തോടൊപ്പം ആയിരക്കണക്കിന് കിലോമീറ്ററുകളാണ് ഈ നായ നടന്നത്.

ഹുവോങ് ദാവോ വിപശ്യന ഭാവന സെന്റർ സംഘടിപ്പിക്കുന്ന 'വാക്ക് ഫോർ പീസ്' യാത്ര 3,700 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. ടെക്‌സസിലെ ഫോർട്ട് വർത്തിൽ നിന്ന് ആരംഭിച്ച യാത്ര പത്ത് സംസ്ഥാനങ്ങൾ കടന്ന് വാഷിംഗ്ടൺ ഡിസിയിൽ അവസാനിക്കും. ഏകദേശം 20 ദിവസം നീണ്ടുനിൽക്കുന്നതാണ് സമാധാന യാത്ര. സമാധാനം, കാരുണ്യം, ദയ എന്നീ മൂല്യങ്ങൾ ലോകമാകെ പ്രചരിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം.

യാത്രയിലെ ഏറ്റവും ശ്രദ്ധേയസാന്നിദ്ധ്യം അലോക തന്നെയാണ്. സംഘം ഇന്ത്യയിലെത്തിയപ്പോഴാണ് അലോക സന്ന്യാസികളെ അനുഗമിക്കാൻ തുടങ്ങിയത്.

നെറ്റിയിൽ ഹൃദയത്തിന്റെ ആകൃതിയിൽ തവിട്ടും വെളുപ്പും കലർന്ന അടയാളമുള്ള അലോകയ്‌ക്ക് ഏകദേശം നാലു വയസുണ്ടെന്നാണ് കരുതുന്നത്. യാത്രയ്‌ക്കിടെ നായയ്‌ക്ക് സ്ഥിരമായ വെറ്റിനറി പരിശോധനകൾ നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അലോകയുടെ പേരിൽ ആരംഭിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിന് ഇപ്പോൾ ഒന്നരലക്ഷത്തിലധികം അനുയായികളുണ്ട്. യാത്രയുടെ ഓരോ ഘട്ടവും അതിലൂടെ പങ്കുവയ്‌ക്കുന്നു. നിലവിൽ സൗത്ത് കരോലിനയിലെ മക്കോർമിക്കിലാണ് അലോക ഉൾപ്പെടെയുള്ള സംഘം യാത്ര നടത്തുന്നത്.