'തന്ത്രിയെ പൂട്ടിയത് കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ'; ഇനിയും അറസ്റ്റുണ്ടാകുമെന്ന് ഡിജിപി

Friday 09 January 2026 4:07 PM IST

തിരുവനന്തപുരം: കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം സുതാര്യമായ അന്വേഷണമാണ് നടത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. അന്വേഷണ സംഘത്തിനുമേൽ യാതൊരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നും പൂർണസ്വാതന്ത്ര്യത്തോടെയാണ് അന്വേഷണം നടക്കുന്നതെന്നും ഡിജിപി മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ തെളിവുകൾ ലഭിക്കുന്നതനുസരിച്ച് ഇനിയും അറസ്റ്റുകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രത്യേക അന്വേഷണ സംഘം കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ആറ്റിങ്ങലിലെ ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തിയാണ് തന്ത്രിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. തുടർന്ന് ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയശേഷം തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും തുടർന്ന് കൊല്ലത്തെത്തിക്കുമെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. തന്ത്രിയുടെ അറസ്റ്റിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.ശബരിമലയിൽ നിന്ന് എന്തെല്ലാം നഷ്ടപ്പെട്ടുവോ അതിൽ അയ്യപ്പൻമാർക്ക് ദുഃഖം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേ​ഹം. അന്വേഷണം ശരിയായ ദിശയിൽ എന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും വ്യത്യസ്ത അഭിപ്രായം ഏതെങ്കിലും ഘട്ടത്തിൽ ഉണ്ടായാൽ അപ്പോൾ പറയാമെന്നും മന്ത്രി പ്രതികരിച്ചു.