സ്വന്തം ഭാര്യപോലും വോട്ടുചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുതെന്ന് പോസ്റ്റർ; പരാതി നൽകി കോൺഗ്രസ്

Friday 09 January 2026 4:40 PM IST

പാലക്കാട്: ഡിസിസി അദ്ധ്യക്ഷൻ എ തങ്കപ്പനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾക്കെതിരെ പരാതി നൽകി കോൺഗ്രസ്. എസ്‌പിക്കാണ് ഡിസിസി പരാതി നൽകിയത്. പാർട്ടിയെയും തങ്കപ്പനെയും സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യ നടത്തുകയെന്ന ലക്ഷ്യത്തോടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പതിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.

എതിർരാഷ്ട്രീയ ചേരിയിലുള്ളവരാണ് പോസ്റ്ററുകൾക്ക് പിന്നിലെന്നാണ് പരാതിയിലുള്ളത്. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കോൺഗ്രസിനേയും പാർട്ടി പ്രസിഡന്റിനെയും അപകീർത്തിപ്പെടുത്താനുള്ള നീക്കം നടത്തുന്നവരെ കണ്ടെത്തണമെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ഡിസിസി ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുതെന്നാണ് പോസ്റ്ററിലുള്ളത്. കഴിഞ്ഞ ദിവസം പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും എ തങ്കപ്പനെ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺ​ഗ്രസിലെ ഭൂരിഭാ​ഗം നേതാക്കളും ഉയർത്തിയിരുന്നു. ഇക്കാര്യം കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുൻഷിയെ അറിയിക്കുകയും ചെയ്തിരുന്നു. പാലക്കാട് വീണ്ടും മത്സരിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കരുക്കൾ നീക്കുന്നതിനിടെയാണ് എ തങ്കപ്പൻ മത്സരിക്കണമെന്ന നിലപാടിൽ ജില്ലാ കോൺ​ഗ്രസ് മുന്നോട്ട് വരുന്നത്.