വിരാട് കൊഹ്ലിക്കൊപ്പം 'സെല്‍ഫിയെടുത്ത്' പോണ്‍ ചിത്രങ്ങളിലെ നായിക; കെണ്ട്ര ലസ്റ്റിനൊപ്പമുള്ള ചിത്രത്തില്‍ വന്‍ ട്വിസ്റ്റ്

Friday 09 January 2026 7:09 PM IST

ഇന്ത്യയില്‍ ഏറ്റവും വലിയ ആരാധക കൂട്ടായ്മയുള്ള താരമാണ് ക്രിക്കറ്റ് സൂപ്പര്‍സ്റ്റാര്‍ വിരാട് കൊഹ്ലി. ഇന്ത്യയില്‍ സ്വകാര്യ ജീവിതം പോലും പ്രയാസകരമായതിനെ തുടര്‍ന്ന് കുടുംബസമേതം ലണ്ടനിലാണ് താരത്തിന്റെ താമസം. അത്രയും വലിയ ക്രൗഡ് പുള്ളര്‍ ആണ് ഇന്ത്യയില്‍ താരം. സമൂഹമാദ്ധ്യമങ്ങളിലും സമാനമാണ് സ്ഥിതി. കോടിക്കണക്കിന് ആളുകളാണ് വിവിധ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിലായി കിംഗ് കൊഹ്ലിയെ പിന്തുടരുന്നത്.

ഇപ്പോഴിതാ താരത്തിന്റെ ഒരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരിക്കുന്നത്. ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു പോണ്‍സ്റ്റാറിനൊപ്പമുള്ള കൊഹ്ലിയുടെ ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. വിരാട് കൊഹ്ലിയും പോണ്‍സ്റ്റാര്‍ കെണ്ട്ര ലസ്റ്റും ഒരുമിച്ചുള്ള സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കെണ്ട്ര തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രം പങ്കുവച്ചത്. 'അപ്രതീക്ഷിത കൂടിക്കാഴ്ചകളാണ് എപ്പോഴും മികച്ചത്, എത്ര പ്രചോദനാത്മകവും വിനീതനുമായ ആള്‍' എന്ന കുറിപ്പോടുകൂടിയായിരുന്നു ചിത്രം പങ്കുവച്ചത്.

ജനുവരി ഏഴിന് പങ്കുവച്ചിരിക്കുന്ന ചിത്രത്തിന് ലക്ഷക്കണക്കിന് ലൈക്കുകളാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ് പുറത്തുവന്നത് പിന്നീടാണ്. വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്കായി കളിക്കുന്നതിന് വേണ്ടി ആഴ്ചകളായി ഇന്ത്യയിലാണ് താരമുള്ളത്. അങ്ങനെയെങ്കില്‍ എപ്പോഴാണ് താരം പോണ്‍സ്റ്റാറിനൊപ്പം ചിത്രമെടുത്തത് എന്നായി അന്വേഷണം. ഒടുവില്‍ വൈറല്‍ ചിത്രം എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് തെളിയുകയും ചെയ്തു.

ഇതാദ്യമായിട്ടല്ല കെണ്ട്ര ലസ്റ്റ് ഇത്തരത്തില്‍ എ.ഐ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതെന്നും പ്രൊഫൈലില്‍ നിന്ന് വ്യക്തമാണ്. ഇന്ത്യന്‍ സെലിബ്രിറ്റികളും ബോളീവുഡ് താരങ്ങളുമായ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കൊപ്പവും കെണ്ട്ര സമാനമായ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. സല്‍മാനുമൊത്തുള്ള ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടിനെ ടാഗ് ചെയ്തിട്ടുമുണ്ട് കെണ്ട്ര ലസ്റ്റ്.