തിരുവൈരാണിക്കുളത്ത് ഭക്തരുടെ ഒഴുക്ക്
കാലടി: തിരുവൈരാണിക്കുളം ക്ഷേത്രനടയിലേക്കെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർദ്ധന. ഇന്നും നാളെയും അവധി ദിനങ്ങളായതിനാൽ വൻഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഇതുകണക്കിലെടുത്ത് ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ തിരക്ക് നിയന്ത്രിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഭക്തർ വന്നെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മുതൽ ദർശനം നടത്തി അന്നദാനത്തിൽ പങ്കെടുത്ത് മടങ്ങുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും കൃത്യമായി നിരീക്ഷിച്ച് സുരക്ഷയും സുഗമമായ ദർശനവും സാദ്ധ്യമാക്കാനാണ് ക്ഷേത്ര ട്രസ്റ്റിന്റെ ശ്രമം. ക്ഷേത്രത്തിലും പരിസരങ്ങളിലും വിന്യസിച്ചിട്ടുള്ള പൊലീസ് സേനയും സെക്യൂരിറ്റി ഗാർഡുകളും വോളന്റിയർമാരും ഇതിനുള്ള തയ്യാറെടുപ്പിലാണ്. ഈ രണ്ടു ദിവസങ്ങളിൽ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ഒട്ടേറെ ഭക്തർ ദർശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ഇത് സഹായിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എൻ. മോഹനൻ പറഞ്ഞു.