'കുറ്റം ചെയ്തിട്ടില്ല' കുടുക്കിയതാണെന്ന് തലകുലുക്കി കണ്ഠരര് രാജീവരര്; തന്ത്രിയെ കൊല്ലത്തേക്ക് കൊണ്ടുപോയി

Friday 09 January 2026 7:33 PM IST

ഫോട്ടോ: അജയ് മധു | കേരളകൗമുദി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ആദ്യ പ്രതികരണവുമായി തന്ത്രി കണ്ഠരര് രാജീവരര്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് തന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോള്‍ ആയിരുന്നു തന്ത്രിയുടെ പ്രതികരണം. കുടുക്കിയതാണോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേ എന്ന് തലകുലുക്കി സമ്മതിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് അദ്ദേഹം എസ്‌ഐടിയുടെ വാഹനത്തില്‍ കയറി പോകുകയായിരുന്നു.

വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം തന്ത്രി കണ്ഠരര് രാജീവരരെ കൊല്ലം വിജിലന്‍സ് മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുന്നതിനായി കൊണ്ടുപോയി. സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തേ തന്ത്രി കണ്ഠരര് രാജീവരരില്‍നിന്ന് എസ്ഐടി സംഘം മൊഴിയെടുത്തിരുന്നു. പോറ്റിയെ അറിയാമെന്നും എന്നാല്‍, ഉദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ചാണ് താന്‍ കുറിപ്പ് നല്‍കിയതെന്നുമായിരുന്നു രാജീവരരുടെ മൊഴി.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രത്യേക അന്വേഷണ സംഘം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ ഓഫീസിലെത്തിക്കുകയായിരുന്നു. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തന്ത്രിക്കെതിരെ ശബരിമലയിലെ ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വാധീനത്തിനുപിന്നില്‍ തന്ത്രിയാണെന്നാണ് ജീവനക്കാരുടെ മൊഴി.

പോറ്റിക്ക് സ്പോണ്‍സറായി വഴിയൊരുക്കിയത് തന്ത്രിയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉള്‍പ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണത്തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

തന്ത്രി നല്‍കിയ അനുമതികളില്‍ മൂന്നെണ്ണം സംശയാസ്പദമാണെന്നും അന്വേഷണ സംഘത്തിന്റെ നിഗമനം.കഴിഞ്ഞ രണ്ടുദിവസങ്ങളിലും തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം വിളിപ്പിച്ചിരുന്നു. പക്ഷെ ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് തന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. ഇയാള്‍ക്കെതിരെ എങ്ങനെ അഴിമതി നിരോധന വകുപ്പ് ചുമത്തുമെന്ന് ചോദ്യങ്ങള്‍ നേരത്തെ വന്നിരുന്നു. ഇതില്‍ അന്വേഷണ സംഘം തെളിവുകള്‍ ശേഖരിക്കുകയായിരുന്നു.