സ്‌കൂൾ പൊളിച്ചു; ഇനി പാഠം പഠിക്കും!

Friday 09 January 2026 7:45 PM IST

തർക്കഭൂമി വിട്ടുകിട്ടാൻ പഴക്കമുള്ള സ്‌കൂൾ കെട്ടിടം പൊളിച്ചടുക്കി

കൊച്ചി: ഒമ്പത് സെന്റ് തർക്കഭൂമി വിട്ടുകിട്ടാൻ അതിബുദ്ധി. 92 വർഷം പഴക്കമുള്ള ഫോർട്ടുകൊച്ചി സെന്റ് ജോൺ പാട്ടം ഗവ. എൽ.പി. സ്‌കൂൾ കെട്ടിടം പൊളിച്ചടുക്കി. മട്ടാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയിൽ സ്‌കൂൾ പൊളിക്കാൻ മുന്നിൽനിന്ന വീട്ടമ്മയ്‌ക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരം (പി.ഡി.പി.പി) ഫോർട്ടുകൊച്ചി​ പൊലീസ് കേസെടുത്തു. കുട്ടികൾ ഇല്ലാതായതോടെ 2016ൽ പൂട്ടുവീണ സ്‌കൂളാണിത്. എട്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ചൊവ്വാഴ്ചയായിരുന്നു സംഭവം. നാട്ടുകാർ അറി​യി​ച്ചതി​നെ തുടർന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നേരിട്ടെത്തി പൊളിക്കൽ നിറുത്തിവയ്പ്പിച്ചു. വർഷങ്ങൾക്ക് മുമ്പ് കാരണവന്മാർ സ്‌കൂളിനായി വിട്ടുനൽകിയ ഭൂമിയാണെന്നും 2024ഓടെ പാട്ടക്കാലാവധി പൂർത്തിയായെന്നുമാണ് പ്രതിയായ വീട്ടമ്മയുടെ വാദം. മൂന്നു പെൺ​മക്കളുള്ള തനി​ക്ക് സ്വന്തമായി​ വീടി​ല്ലാത്തതി​നാൽ വീടുപണിയലായി​രുന്നു ലക്ഷ്യമെന്ന് ഇവർ സൂചി​പ്പി​ച്ചി​രുന്നു. ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും സഹായമൊന്നും കിട്ടിയില്ല. ഗതി​യില്ലാതെയാണ് സ്‌കൂൾ പൊളിക്കാൻ കരാർ നൽകിയതെന്നാണ് വി​വരം.

രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ നിയോഗിച്ചാണ് സ്‌കൂൾ പൊളിച്ചത്. സ്കൂൾ രേഖകൾ നശി​ക്കാതി​രി​ക്കാൻ ഓഫീസ് മുറി​ക്ക് മുകളി​ൽ ടാർപോളി​ൻ വി​രി​ച്ചു. മുൻകൂർ ജാമ്യത്തി​ന് വീട്ടമ്മ ഹൈക്കോടതിയെ സമീപിക്കുമെന്നും അറി​യുന്നു. സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം സ്വകാര്യഭൂമിയാണെന്നാണ് റവന്യൂ രേഖകൾ. സ്‌കൂൾ ഭൂമി​ ഏറ്റെടുക്കാനുള്ള നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോകുകയാണ്.

 1924ൽ തുടങ്ങി 1924ലാണ് ഫോർട്ടുകൊച്ചി സെന്റ് ജോൺ​ പാട്ടം എൽ.പി. സ്‌കൂൾ ആരംഭിക്കുന്നത്. ഭൂമി പാട്ടത്തിന് എടുക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. മികച്ച വിദ്യാലയമായിരുന്നെങ്കി​ലും സമീപത്ത് മറ്റ് സ്‌കൂളുകൾ വന്നതോടെ പ്രതാപം നശി​ച്ച് കുട്ടി​കൾ ഇല്ലാതായി. അതോടെ 2016ൽ പൂട്ടിട്ടു.

വിവരം ശ്രദ്ധയിൽപ്പെട്ടയുടൻ പൊലീസിൽ പരാതി നൽകി. നടപടിയുമായി മുന്നോട്ട് പോകും.

സുബിൻ പോൾ

വി​ദ്യാഭ്യാസ ഡെപ്യൂട്ടി​ ഡയറക്ടർ, എറണാകുളം