ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉഗ്രന്‍ തിരിച്ചടി വരുന്നു; നിര്‍ണായക തീരുമാനത്തിലേക്ക് ഇന്ത്യന്‍ കമ്പനി
മുംബയ് / ധാക്ക: നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ തിരിച്ചടിയുണ്ടായേക്കും. ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കിവരുന്ന സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് നിര്‍മാണ കമ്പനിയായ എസ്.ജി. ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കിവരുന്ന ബാറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് എസ്.ജി പിന്‍മാറുകയാണെങ്കില്‍ മറ്റ് കമ്പനികളെ തേടേണ്ടിവരും താരങ്ങള്‍ക്ക്. ബംഗ്ലാദേശ് നായകന്‍ ലിറ്റണ്‍ കുമാര്‍ ദാസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ എസ്.ജി കമ്പനിയുടെ ബാറ്റ് ആണ് ഉപയോഗിക്കുന്നത്.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ കടുത്ത പ്രതിഷേധം അരങ്ങേറുകയാണ്. ഇതിന് പിന്നാലെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് ബംഗ്ലാദേശി പേസര്‍ മുസ്താഫിസുര്‍ റഹ്‌മാനെ ബിസിസിഐ വിലക്കിയിരുന്നു. കഴിഞ്ഞമാസം നടന്ന താരലേലത്തില്‍ ഫിസ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ എത്തിയിരുന്നു. എന്നാല്‍ താരത്തെ പുറത്താക്കാന്‍ കൊല്‍ക്കത്ത ടീമിന് ബിസിസിഐ നിര്‍ദേശം നല്‍കുകയും ചെയ്തു.
ഇതിന് പിന്നാലെ ഇന്ത്യയില്‍ അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ടീമിനെ അയക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബംഗ്ലാദേശ് സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും എത്തിയിരുന്നു. രാജ്യത്ത് ഐപിഎല്‍ സംപ്രേഷണം നടത്തുന്നതിന് വിലക്കും ഏര്‍പ്പെടുത്തി. ലോകകപ്പില്‍ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാറ്റി സഹ ആതിഥേയരായ ശ്രീലങ്കയില്‍ കളിക്കാന്‍ അനുവദിക്കണം എന്ന് ഐസിസിയോട് ബിസിബി ആവശ്യപ്പട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഐസിസി അംഗീകരിച്ചില്ല.
ഇന്ത്യയില്‍ തങ്ങളുടെ താരങ്ങള്‍ക്ക് മതിയായ സുരക്ഷ ലഭിക്കുന്ന സാഹചര്യമില്ലെന്ന് ഐസിസിക്ക് മനസ്സിലായിട്ടില്ലെന്നാണ് ഈ വിഷയത്തില്‍ ബിസിബി പ്രതികരിച്ചത്. താരങ്ങള്‍ക്ക് പുറമേ കളി കാണാന്‍ ിന്ത്യയില്‍ എത്തുന്ന ആരാധകര്‍, റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ സുരക്ഷയിലും തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ബിസിബി ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇന്ത്യയില്‍ തന്നെ കളിക്കണമെന്ന നിലപാടില്‍ ഐസിസി തുടരുകയാണെങ്കില്‍ രാജ്യത്തിന്റെ അന്തസ്സിനെ മറികടന്ന് ലോകകപ്പ് കളിക്കില്ലെന്നും ബിസിബി അറിയിച്ചിരുന്നു.