ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

Friday 09 January 2026 8:40 PM IST

കൊച്ചി: ഉറങ്ങിക്കിടന്ന യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഭർത്താവ് ഒരു മാസത്തിന് ശേഷം പിടിയിലായി. തമിഴ്നാട് തേനി വണ്ണിയാപ്പുറം സ്വദേശി ശരത്തിനെയാണ് (32) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.

വൈറ്റില ജനതാ ജംഗ്ഷന് സമീപം പാര‌‌ഡൈസ് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന തേനി ഹനുമന്ദൻ പട്ടിയിൽ സ്വദേശി ശരണ്യയ്ക്കാണ് (25) ഡിസംബർ 13ന് രാത്രി കുത്തേറ്റത്. ഭർത്താവ് മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നുവെന്ന് കടവന്ത്ര പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയതാണ് ശരത്തിനെ പ്രകോപിപ്പിച്ചത്. പരാതിയിൽ ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കി വിട്ടിരുന്നു. സംഭവദിവസം രാത്രി സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ശരണ്യയുടെ നെഞ്ചത്തും കവിളത്തും ഇടതുകൈയിലും കുത്തിപ്പരിക്കേൽപ്പിച്ചു. വർക്ക്ഷോപ്പ് ജീവനക്കാരനായ ശരത്തിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു,