ആറുവരി ദേശീയ പാതകൾ അപകടരഹിതമാക്കാൻ പദ്ധതി

Friday 09 January 2026 9:22 PM IST

പാലക്കാട്: സംസ്ഥാനത്തെ ആറുവരി ദേശീയപാതകളെ അപകടരഹിതമാക്കാൻ നൂതന സംവിധാനമൊരുങ്ങുന്നു. അപകടം ഒഴിവാക്കുന്നതിനായി ആറുവരി ദേശീയപാതകളിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും വിലക്കേർപ്പെടുത്തും. ഇത്തരം വാഹനങ്ങൾക്ക് സർവീസ് റോഡ് ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രമാകും ദേശീയപാതയിൽ കയറാൻ അനുവദിക്കുക. അനുദിനം റോഡ് അപകട നിരക്ക് വർദ്ധിച്ചു വരുന്ന സാഹചര്യം കൂടി പരിഗണിച്ചാണിത്. ദേശീയപാതാ നിർമ്മാണം പൂർത്തിയാകുന്നതോടെ നിയന്ത്രണം നടപ്പാക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ അറിയിച്ചിട്ടുണ്ട്. നിർമ്മാണം പൂർത്തിയാകുന്നതിനു പിന്നാലെ ദേശീയപാതകളിൽ എ.ഐ കാമറകൾ സ്ഥാപിക്കും. കാറുകൾ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ അതിവേഗം തടയുകയാണ് ലക്ഷ്യം. മാത്രമല്ല ഹൈവേകളിൽ ബസുകൾക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാൽ സർവീസ് റോഡുകളിൽ നിറുത്തേണ്ടിവരും. ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ മാനദണ്ഡ പ്രകാരം ദേശീയപാതയിൽ ബസുകൾക്ക് സ്റ്റോപ്പ് അനുവദനീയമല്ലെന്നതിനാൽ നിലവിലുള്ള സ്റ്റോപ്പുകളും ഒഴിവാക്കും. കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകൾക്കാകും ദേശീയപാത പ്രയോജനപ്പെടുക. ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഹൈവേ കേന്ദ്രീകരിച്ച് സ്‌റ്റോപ്പുകൾ പരിമിതപ്പെടുത്തുന്നതോടെ മിന്നൽ മാതൃകയിൽ കൂടുതൽ ബസുകൾ തുടങ്ങാനുമാകും. നിലവിൽ ദേശീയപാതകളിൽ പരിമിതമായ വിശ്രമസൗകര്യം മാത്രമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ട്രക്ക് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നിറുത്തിയിടാനുള്ള സൗകര്യം ഒരോ 80 കിലോമീറ്ററിനുള്ളിലും ഒരുക്കേണ്ടതുണ്ട്. സ്ഥല ദൗർലഭ്യമാണ് പ്രധാനവെല്ലുവിളിയെന്നിരിക്കെ ഹൈവേ ഹിപ്‌നോസിസ് കാരണമുള്ള അപകടം ഒഴിവാക്കാൻ വിശ്രമസൗകര്യവും അനിവാര്യമാണ്. ദീർഘനേരം വാഹനമോടിക്കുമ്പോൾ ഡ്രൈവർക്കുണ്ടാകാവുന്ന ഒരവസ്ഥയാണ് ഹൈവേ ഹിപ്നോസിസ്. ഇതിൽ കഴിഞ്ഞ കുറച്ചു ദൂരത്തെക്കുറിച്ച് ഓർമ്മയുണ്ടാകില്ല. ഇത് ശ്രദ്ധക്കുറവ് മൂലമോ മടുപ്പ് മൂലമോ ഉണ്ടാകാം. ഡ്രൈവറുടെ ശ്രദ്ധ റോഡിൽ നിന്ന് മാറിയിട്ടില്ലെങ്കിലും മനസ് മറ്റെവിടെയങ്കിലും ആയിരിക്കുമെന്നതിനാൽ പെട്ടെന്നുള്ള സാഹചര്യങ്ങളോട് പ്രതികരിക്കാൻ താമസം നേരിടാം. ഇത് അപകടങ്ങൾക്ക് കാരണമാകും. ഈ അവസ്ഥയെ വൈറ്റ്‌ലൈൻ ഫീവർ എന്നും വിളിക്കാറുണ്ട്.