ഭിന്നശേഷി നിയമനം: സർക്കാർ വീണ്ടും സുപ്രീംകോടതിയിൽ
ന്യൂഡൽഹി: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ എൻ.എസ്.എസിന് അനുകൂലമായ വിധി മറ്റു മാനേജ്‌മെന്റുകൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വീണ്ടും സത്യവാങ്മൂലം നൽകി. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
ഭിന്നശേഷി നിയമനത്തിന് സീറ്റുകൾ ഒഴിച്ചിട്ടാൽ ബാക്കിയുള്ളവയ്ക്ക് നിയമനാംഗീകാരം നൽകാമെന്ന് എൻ.എസ്.എസ് നൽകിയ ഹർജിയിൽ കഴിഞ്ഞ മാർച്ചിൽ സുപ്രീംകോടതി വിധിച്ചിരുന്നു. എൻ.എസ്.എസിനു ലഭിച്ച വിധിയിലെ ഇളവും ആനുകൂല്യങ്ങളും മറ്റു മാനേജ്‌മെന്റുകൾക്കും ബാധകമാക്കാനാണ് സർക്കാർ കോടതിയിലെത്തിയത്. വിധി എൻ.എസ്.എസിന് മാത്രം ബാധകമെന്ന സർക്കാർ നിലപാടിനെതിരെ ക്രൈസ്തവ മാനേജ്‌മെന്റുകൾ ശക്തമായ എതിർപ്പുയർത്തിയിരുന്നു.
കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളിൽ നിലവിൽ 6,230 പേർ താത്കാലിക ശമ്പള സ്കെയിലിലാണ് ചെയ്യുന്നത്. ദിവസ വേതന അടിസ്ഥാനത്തനത്തിൽ 17,729 പേരും. ഭിന്നശേഷി സംവരണം പൂർത്തിയാക്കാൻ ആവാത്തതിനാൽ ജീവനക്കാരെ സ്ഥിരപ്പെടുത്താനും കഴിയാത്ത അവസ്ഥയാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
5729 മാനേജ്മെന്റുകളിൽ 1538 പേർ ഭിന്നശേഷിക്കാർക്കുള്ള 1542 ഒഴിവുകൾ ജില്ലാ സെലക്‌ഷൻ കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ബാക്കി മാനേജ്മെന്റുകളും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ അർഹരായ ഭിന്നശേഷിക്കാർക്ക് നിയമനം ഉറപ്പാകും.
ഈ സാഹചര്യത്തിൽ എൻ.എസ്.എസിന് നൽകിയ അനുകൂല വിധിയുടെ ആനുകൂല്യം മറ്റ് മാനേജ്മെന്റുകൾക്കും ലഭ്യമാക്കണം. നിയമന പ്രക്രിയയിൽ സുപ്രീംകോടതി ഉത്തരവുകൾ പാലിക്കുന്നെന്ന് സർക്കാർ ഉറപ്പാക്കുമെന്നും അറിയിച്ചു.