ശബരിമലയിൽ തിരക്ക്  സൃഷ്ടിച്ച് പൊലീസ്, അന്വേഷണത്തിന്  കേന്ദ്ര  ‌ഏജൻസി

Saturday 10 January 2026 12:11 AM IST

ശബരിമല : മകരവിളക്ക് ഉത്സവത്തിലെ മൂന്നുദിവസങ്ങളിൽ ശബരിമലയിൽ ക്രൃത്രിമമായി തിരക്കുണ്ടാക്കിയതിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ഇവർ ശബരിമലയിൽ എത്തിയിട്ടുണ്ട്. പൊലീസ് കൃത്രിമ തിരക്ക് സൃഷ്ടിച്ചെന്ന് സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

നിയന്ത്രണമില്ലാതെ തീർത്ഥാടകരെ ക‌ടത്തിവിട്ടതാണ് ഈമാസം 4,5,6 തീയതികളിലെ വൻതിരക്കിന് കാരണമെന്ന് റിപ്പോർട്ടിലുണ്ട്. പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഈ ദിവസങ്ങളിൽ ഒരുലക്ഷത്തിലധികം തീർത്ഥാടകർ ദർശനം നടത്തിയിരുന്നു. ഇവരെ നിയന്ത്രിക്കാതെ പൊലീസ് മനഃപൂർവം തിരക്ക് സൃഷ്ടിച്ചതായാണ് സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട്.

നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗിന് എത്തിയവരോട് പമ്പയിലേക്ക് പോകാനാണ് പൊലീസ് ആവശ്യപ്പെട്ടത്. പമ്പയിൽ സ്പോട്ട് ബുക്കിംഗ് ഇല്ലാത്തതിനാൽ പ്രതിസന്ധിയായി. പമ്പയിൽ കൂട്ടത്തോടെ എത്തിയ ഭക്തർ അക്രമാസക്തരായതിനെ തുടർന്ന് യാതൊരു നിയന്ത്രണവുമില്ലാതെ സന്നിധാനത്തേക്ക് കടത്തിവിട്ടു. ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്നും എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ദേവസ്വം ബോർഡും പൊലീസും മാത്രമായിരിക്കും ഉത്തരവാദികളെന്നും റിപ്പോർട്ടിലുണ്ട്. മകരവിളക്കിന് നടതുറന്ന ശേഷം മിക്ക ദിവസങ്ങളിലും ഒരുലക്ഷത്തിലധികം തീർത്ഥാടകർ ദർശനത്തിന് എത്തുന്നുണ്ട്. കോടതി നിർദ്ദേശപ്രകാരം 80,000 പേർക്ക് മാത്രമാണ് പ്രതിദിന ദർശനാനുമതി.

മണ്ഡലകാലത്തും പാളി

മണ്ഡലകാലത്തും ഒരു ദിവസം തിരക്ക് നിയന്ത്രണം പാളിയത് ദുരന്തഭീതി സൃഷ്ടിച്ചിരുന്നു. ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എ.ഡി.ജി.പി എസ്. ശ്രീജിത്ത് ഉൾപ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ഉള്ളപ്പോഴായിരുന്നു ഇത്. ക്യൂവിൽ പലരും കുഴഞ്ഞുവീണു. ബാഹ്യഇടപെടൽ സംബന്ധിച്ച് അന്ന് പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല.