'എം.വി.ഐ.പി. കനാൽ തുറക്കണം'

Saturday 10 January 2026 1:21 AM IST

കോതമംഗലം: എം.വി.ഐ.പി.കനാലിന്റെ ശുചീകരണം എത്രയും വേഗം പൂർത്തിയാക്കി ജലവിതരണം ആരംഭിക്കണമെന്ന് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് വിളിച്ച സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടു. കനാൽ തുറക്കാത്തതിനാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജലക്ഷാമം രുക്ഷമാണ്. വലതുകര കനാൽ കാടുമൂടികിടക്കുകയാണ്. ഫണ്ട് ലഭ്യമല്ലാത്തതിനാലാണ് കനാൽ ശുചീകരിക്കാത്തതെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് സംഗീത പ്രതീഷ് പറഞ്ഞു.

വൈസ് പ്രസിഡന്റ് പി.എ.യൂസഫ് അദ്ധ്യക്ഷനായിരുന്നു. ഇ.എം.അജാസ്, അൻസി ഹാരിസ്, നിർമ്മല മോഹൻ, ടി.എൻ.ശശി, ഷാജി വർഗീസ്, തുടങ്ങിയവർ സംസാരിച്ചു. ശുചീകരണം എത്രയുംവേഗം പൂർത്തിയാക്കി കനാൽ തുറക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വാരപ്പെട്ടിക്ക് പുറമെ കോതമംഗലം താലൂക്കിലെ പോത്താനിക്കാട്, പൈങ്ങോട്ടൂർ, പല്ലാരിമംഗലം പഞ്ചായത്തുകളിലും ഇതേ കനാൽവഴിയാണ് വെള്ളമെത്തുന്നത്. ഈ പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാണ്.