'വെള്ളം എത്തിക്കാൻ സർക്കാരിന് പണമില്ലെങ്കിൽ പിരിച്ച് നൽകാം'

Saturday 10 January 2026 1:24 AM IST

മൂവാറ്റുപുഴ: എം.വി.ഐ.പി കനാലുകൾ ക്ലീൻ ചെയ്ത് വെള്ളം എത്തിക്കാത്തതിനെതിരെ മാത്യു കുഴൽനാടൻ എം.എൽ.എയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ എം.വി.ഐ.പി ഓഫീസിലേക്ക് ജനപ്രതിനിധികളുടെ പ്രതിഷേധ റാലി നടന്നു. കനാലുകളുടെ അറ്റകുറ്റപ്പണികൾക്കും വാർഷിക മെയിന്റനൻസിനുമായി വർഷങ്ങളായി സർക്കാർ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിനെതിരെയായിരുന്നു പ്രതിഷേധം. സർക്കാർ പണം അനുവദിക്കാത്തതിനാൽ ഡിപ്പാർട്ട്മെന്റിന് ഒന്നും ചെയ്യാനാകില്ലെന്ന സ്ഥിരം മറുപടിയാണ് അധികൃതരിൽ നിന്നുണ്ടാകുന്നതെന്ന് എം.എൽ.എ കുറ്റപ്പെടുത്തി. വെള്ളം എത്താത്തതിനെ തുടർന്ന് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കർഷകരാണ് കടുത്ത ദുരിതം അനുഭവിക്കുന്നത്. അടിയന്തരമായി കനാലുകളുടെ മെയിന്റനൻസ് പൂർത്തിയാക്കി വെള്ളം എത്തിച്ചില്ലെങ്കിൽ ആയിരക്കണക്കിന് ഹെക്ടർ കൃഷിയിടങ്ങൾ നശിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും എം.എൽ.എ പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട മുമ്പ് മന്ത്രിയുമായി സംസാരിച്ചപ്പോൾ ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്താണെന്നും അദ്ദേഹത്തിന്റെ തീരുമാനം വന്നാൽ ഉടൻ പരിഹാരം ഉണ്ടാകുമെന്നും അറിയിച്ചിരുന്നുവെന്ന് എം.എൽ.എ പറഞ്ഞു. സർക്കാറിന്റെ കൈയിൽ പണമില്ലാത്തതിനാൽ കർഷകർക്ക് വെള്ളം എത്തിക്കാനാകില്ലെന്ന് ഔദ്യോഗികമായി ജനങ്ങളോട് പറഞ്ഞാൽ മതിയെന്നും അത്തരമൊരു പ്രഖ്യാപനം സർക്കാർ നടത്തുകയാണെങ്കിൽ മൂവാറ്റുപുഴയിലെ അഞ്ച് പഞ്ചായത്തുകളിലെ കർഷകരുടെ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ പണം ജനങ്ങളിൽ നിന്ന് കണ്ടെത്തി ഡിപ്പാർട്ട്മെന്റിന് നൽകാൻ തയ്യാറാണെന്നും മാത്യു കുഴൽനാടൻ എം.എൽ.എ അധികൃതരെ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഈ വിഷയത്തിൽ അടിയന്തര പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ആയിരക്കണക്കിന് കർഷകരെ അണിനിരത്തി ശക്തമായ മാർച്ചും പ്രക്ഷോഭവും ഉയരുമെന്ന മുന്നറിയിപ്പും എം.എൽ.എ സർക്കാറിനും ഡിപ്പാർട്ട്മെന്റിനും നൽകി.