ചിറ്റാർ ജില്ലാ ആശുപത്രിയിൽ ഒ.പി വിഭാഗം തുടങ്ങാൻ നീക്കം

Friday 09 January 2026 10:31 PM IST

കോന്നി : ചിറ്റാർ ജില്ലാ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണം പുരോഗമിക്കുന്നു. ഒൻപത് മാസം മുമ്പാണ് ആശുപത്രിയുടെ പണികൾ ചിറ്റാർ വാലേൽപടിയിൽ ആരംഭിച്ചത്. അധികം താമസിക്കാതെ ഒ. പി വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിക്കാനാണ് ശ്രമം . ഇതിനായി ജീവനക്കാരെ നിയമിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആരോഗ്യ വകുപ്പിനെ അറിയിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ അഡ്വ.കെ .യു. ജനീഷ് കുമാർ എം,എൽ.എ നിർമ്മാണ പുരോഗതി വിലയിരുത്തി.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ശ്രീകുമാർ, ഡെപ്യൂട്ടി ഡി,എം.ഒ ജീവൻ, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ബീവി, വൈസ് പ്രസിഡന്റ് ശ്രീവിദ്യ, പഞ്ചായത്തംഗങ്ങളായ അനിൽ ബഞ്ചമൺപാറ, അനിത, നിശ രാജു എന്നിവരും ഉണ്ടായിരുന്നു.കിഴക്കൻ മലയോര മേഖലയിൽ 24 മണിക്കൂർ പ്രവർത്തന സജ്ജമായ ആശുപത്രിയുടെ അഭാവം മൂലം ജനങ്ങൾ വലിയ ബദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

മലയോര മേഖലയ്ക്ക് പ്രയോജനം

ചിറ്റാർ, തണ്ണിത്തോട്, സീതത്തോട്, പെരുനാട് ,നാറാണംമൂഴി തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവർക്കും ശബരിമല തീർത്ഥാടകർക്കും നിലയ്ക്കൽ അട്ടത്തോട് തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവർക്കും ജില്ലാ ആശുപത്രി പ്രയോജനപ്പെടും, ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്ന് റഫർ ചെയ്തുവരുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഇവിടെ നിന്നും വിദഗ്ദ്ധ ചികിത്സ ലഭിക്കും.നാല് നിലകളിൽ 73000 ചതുരശ്ര അടിയിൽ പൂർത്തിയാകുന്ന ആശുപത്രി കെട്ടിടത്തിന്റെ രണ്ട് നിലകളുടെ പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.