തരിപ്പണമായി പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡ് റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ട് നാളുകൾ

Saturday 10 January 2026 1:55 AM IST
പഴയ ബസ് സ്റ്റാൻഡിലെ റോഡ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നു

പത്തനംതിട്ട : കുണ്ടും കുഴിയുമായി പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്റ്റാൻഡ് റോഡ്. ഒരുകുഴിയിൽ നിന്ന് പടുകുഴിയിലേക്ക് എന്നതാണ് സ്ഥിതി. റോഡ് പൂർണമായി തകർന്നിട്ടും അധികൃതർ ഇതൊന്നും കണ്ട മട്ടില്ല. കോഴഞ്ചേരി , അടൂർ ഭാഗത്ത് നിന്നും എത്തുന്ന ബസുകൾ പഴയ സ്റ്റാൻഡിൽ കയറിയതിന് ശേഷമാണ് പുതിയ സ്റ്റാൻഡിലേക്ക് പോകുന്നത്. പഴയ സ്റ്രാൻഡ് പ്രവർത്തിച്ചിരുന്ന ഭാഗം ഇപ്പോൾ പാർക്കിംഗിനായാണ് ഉപയോഗിക്കുന്നത്. പത്തനംതിട്ട നഗരസഭ 15-ാം വാർഡിലാണ് ഈ റോഡ്. ചെറിയ വാഹനങ്ങൾ പലതും ഇവിടെ കുഴിയിൽ വീണ് അപകടമുണ്ടാകുന്നുണ്ട്. നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിയ്ക്കുന്ന നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശമാണിത്. പഴയ ബസ് സ്റ്റാൻഡിൽ നിന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് റോഡിലേക്കുള്ള പാത മുഴുവൻ ഇത്തരത്തിൽ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇതുവഴിയാണ് തൈക്കാവ് ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന കുട്ടികൾ സഞ്ചരിക്കുന്നത്. വലിയ പാറക്കല്ലുകൾ ഉയർന്ന് നിൽക്കുകയാണ് റോഡിൽ. പലപ്പോഴും വലിയ വാഹനങ്ങൾ കടന്ന് പോകുമ്പോൾ ഈ പാറക്കല്ലുകൾ തെറിച്ച് റോഡിൽ കൂടി നടന്ന് പോകുന്ന യാത്രക്കാരുടെ ശരീരത്ത് വീഴാറുണ്ട്. വ്യാപാര സ്ഥാപനങ്ങൾക്കുള്ളിൽ വരെ കല്ല് തെറിച്ച് വീണ് അപകടമുണ്ടാകുന്നുണ്ട്. മൊത്ത വ്യാപാര കേന്ദ്രം കൂടിയായ ഇവിടെ വലിയ വാഹനങ്ങളടക്കം ദിവസവും കടന്ന് പോകുന്ന റോഡാണ്. രണ്ട് വർഷം മുമ്പ് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.

റോഡിന് വീതിയില്ലെന്നതും ഇവിടുത്തെ പ്രശ്നമാണ്. ഉള്ള റോഡ് വലിയ വാഹനങ്ങൾ കടന്ന് പോകുന്നതിനാൽ പെട്ടെന്ന് തകരുകയും ചെയ്യും.വിദ്യാർത്ഥികളടക്കം സഞ്ചരിക്കുന്ന റോഡാണ്.അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണം.

അസീസ്

യാത്രക്കാരൻ