കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം 2027 ആഗസ്റ്റിൽ പൂർത്തിയാകും: സുരേഷ് ഗോപി
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം 2027 ആഗസ്റ്റിൽ പൂർത്തിയാകുമെന്ന് കേന്ദ്ര പെട്രോളിയം- ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തികൾ വിലയിരുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈലിംഗ് ഉൾപ്പെടെയുള്ള പണികളെല്ലാം പൂർത്തിയായിട്ടുണ്ട്. ചില കെട്ടിടങ്ങൾ പൊളിച്ചും ചിലത് നിലനിർത്തിയുമാണ് പണികൾ മുന്നോട്ട് പോകുന്നത്. കേരള സർക്കാർ ആവശ്യമായ സ്ഥലം ഏറ്റെടുത്തു കൊടുക്കുകയാണെങ്കിൽ പാത വികസിപ്പിച്ച് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉൾപ്പെടെ അതിവേഗ ട്രെയിനുകൾ കൂടുതൽ ഓടിക്കാനാവുമെന്നും ഇക്കാര്യം റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പാർലമെന്റിൽ അറിയിച്ചതാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഒന്ന്, നാല് പ്ലാറ്റ്ഫോമുകളും പ്രവൃത്തി നടക്കുന്ന സൈറ്റുകളും അദ്ദേഹം സന്ദർശിച്ചു. എം.കെ. രാഘവൻ എം.പി, ബി.ജെ.പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.പി പ്രകാശ് ബാബുഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റൗട്ട്, അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ എസ്. ജയകൃഷ്ണൻ, ചീഫ് പ്രൊജക്ട് ഡയറക്ടർ ശ്രീധർ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.