എം.പിമാർക്ക് നിയമസഭാമോഹം; ഹൈക്കമാൻഡ് നോ പറഞ്ഞേക്കും

Saturday 10 January 2026 12:23 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ എം.പിമാർ മത്സരിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം അനുമതി നൽകിയേക്കില്ല. യു.ഡി.എഫിനും കോൺഗ്രസിനും തിരഞ്ഞെടുപ്പ് വിജയത്തിന് അനുകൂല സാഹചര്യം നിലനിൽക്കേ എം.പിമാരെ കൊണ്ടുവരുന്നത് തിരിച്ചടിയാവുമെന്ന് ഹൈക്കമാൻഡ് കരുതുന്നു.

മന്ത്രിപദം സ്വപ്നംകണ്ട് ചില എം.പിമാർ സ്ഥാനാർത്ഥിയാവാൻ സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് അറിയുന്നത്.

'ഒഴിവാക്കാൻ പറ്റാത്തവർ"എന്ന ഗണത്തിൽ ചിലർക്ക് അനുമതി നൽകിയാൽ മറ്റ് എം.പിമാരുടെ അതൃപ്തിക്ക് വഴിവയ്ക്കും. കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഒരു മുഴം നീട്ടിയെറിയുകയും ചെയ്തു. നിയമസഭയിലേക്ക് മത്സരിക്കാൻ താൻ ഇല്ലെന്നും സ്ഥാനാർത്ഥിയാവാൻ യോഗ്യതയുള്ളവർ പാർട്ടിയിൽ ധാരാളം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

കോൺഗ്രസിൽ യുവാക്കളും രണ്ടാം നിരയും കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. മുതിർന്ന നേതാക്കൾ സ്ഥാനാർത്ഥികളായാൽ, അവർക്ക് അവസരം നഷ്ടമാവും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ശക്തി ചോരും.

കെ.പി.സി.സിയുടെയും യു.ഡി.എഫിന്റെയും നേതൃത്വത്തിലുള്ള പല നേതാക്കളും എം.പിമാരെ കെട്ടിയിറക്കുന്നതിൽ വിയോജിപ്പുള്ളവരാണ്.

മൂന്ന് കാരണങ്ങൾ

1. എം.പിമാർ നിയമസഭയിലേക്ക് വരാൻ ശ്രമിക്കുന്നത് സമ്മതിദായകരിൽ അവമതിപ്പുണ്ടാക്കും. അധികാരമോഹികളുടെ കൂടാരമാണ് കോൺഗ്രസെന്ന ആക്ഷേപം കേൾക്കേണ്ടിവരും.

2.നിയമസഭയിലേക്ക് ജയിക്കുകയും കൂട്ടത്തോടെ എം.പി സ്ഥാനം രാജിവയ്ക്കേണ്ടിവരികയും ചെയ്താൽ ആ ലോക് സഭാ മണ്ഡലങ്ങൾ നഷ്ടപ്പെടാൻ സാദ്ധ്യത. അനാവശ്യ ഉപതിരഞ്ഞടുപ്പ് ഉണ്ടാക്കിയെന്ന പേരുദോഷവും കേൾക്കേണ്ടിവരും.

3. മുതിർന്ന നേതാക്കൾ ജയിച്ചുവരുമ്പോൾ മുഖ്യധാരയിൽ സജീവമായി നിൽക്കുന്ന രണ്ടാം നിരക്കാരുടെ അവസരം നഷ്ടമാവും. ഭരണം ലഭിച്ചാൽ മന്ത്രി പദം പങ്കിടൽ കൂടുതൽ സങ്കീർണമാവും.