ജി.എസ്.ടി ഉദ്യോഗസ്ഥർ ചമഞ്ഞ് വൻ തട്ടിപ്പ്
പത്തനംതിട്ട: ജി.എസ്.ടി വകുപ്പ് റെയ്ഡ് നടത്തിയതും ലൈസൻസ് റദ്ദാക്കിയതുമായ സ്ഥാപനങ്ങളിലെത്തി ജി.എസ്.ടി ഉദ്യോഗസ്ഥർ ചമഞ്ഞ് സംസ്ഥാനത്തുടനീളം തട്ടിപ്പ് നടത്തിവന്ന സംഘത്തെ പിടികൂടി. പിഴയും കുടിശികയും തവണകളാക്കി നൽകാമെന്നും കുറവ് ചെയ്തു നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
അടൂർ ഏറത്ത് ബെൻ ഏഥൻസിൽ ബിജോ മാത്യു (35), തിരുവനന്തപുരം ചെമ്പഴന്തി ജലജാ ലൈൻ ശ്രീഹരി വീട്ടിൽ ഇമ്മാനുവൽ (42), തിരുവനന്തപുരം കവടിയാർ ഡേവിസ് കോട്ടേജിൽ ഡെന്നിസ് ജേക്കബ് (51) എന്നിവരാണ് പിടിയിലായത്. ഉന്നത ഉദ്യോഗസ്ഥരെയും നേതാക്കളെയും പരിചയമുണ്ടെന്നു പറഞ്ഞും അവരോടൊത്തുള്ള ചിത്രങ്ങൾ കാണിച്ചും വിശ്വാസം നേടിയെടുത്തായിരുന്നു തട്ടിപ്പ്.
കോഴഞ്ചേരിയിലെ ഒരു ബേക്കറിയിൽ എത്തിയ ബിജോ മാത്യു ജി.എസ്.ടി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയപ്പോൾ ഉടമയ്ക്ക് സംശയം തോന്നി. ജി.എസ്.ടി വകുപ്പിലെ ഇന്റലിജൻസ് ഡപ്യൂട്ടി കമ്മിഷണറെ വിവരം അറിയിച്ചു. തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ബിജോ മാത്യുവിനെയാണ് ആദ്യം വീട്ടിൽ നിന്ന് പിടികൂടിയത്.
തട്ടിയത് 89 ലക്ഷം
പത്തനംതിട്ട ജില്ലയിലെ ഒരു ബേക്കറി ഉടമയിൽ നിന്ന് 15 ലക്ഷം, ആശുപത്രി ഉടമയിൽ നിന്ന് 17 ലക്ഷം, ക്വാറി ഉടമയിൽ നിന്ന് അഞ്ചു ലക്ഷം, ഫർണിച്ചർ കട ഉടമയിൽ നിന്ന് ഏഴു ലക്ഷം, കാഞ്ഞങ്ങാടുള്ള കമ്പനിയിൽ നിന്ന് 45 ലക്ഷം എന്നിങ്ങനെ പ്രതികൾ തട്ടിയെടുത്തിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ആളുകളെ ഈ സംഘം കബളിപ്പിച്ചതായും സംശയിക്കുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജി.അനീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അരുൺകുമാർ, അസി.സബ് ഇൻസ്‌പെക്ടർ സന്തോഷ്, സീനിയർ സിവിൽ പൊലിസ് ഓഫീസർ റോബി ഐസക് എന്നിവരാണ് പ്രതികളെ പിടികൂടിയത്.