കണ്ണൂർ ചെങ്കോട്ടയിൽ മുറുകും പോരാട്ട വീര്യം

Saturday 10 January 2026 12:28 AM IST

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരുടെ തട്ടകം. കേരളത്തിന്റെ രാഷ്ട്രീയ തലസ്ഥാനമെന്ന വിശേഷണം. സി.പി.എമ്മിന്റെ ചെങ്കോട്ട. നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ കണ്ണൂർ ഏറെ ശ്രദ്ധേയം.

11 നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതും എൽ.ഡി.എഫിന്റെ കൈവശം. യു.ഡി.എഫിനുള്ളത് പേരാവൂരും ഇരിക്കൂറും. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇവകൂടാതെ കണ്ണൂരിലും അഴിക്കോട്ടും നേടിയ ലീഡിന്റെ കൂടി ആത്മവിശ്വാസത്തിൽ ഇക്കുറി ചെങ്കോട്ട ഇളക്കാമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. എന്നാൽ, മുഖ്യമന്ത്രിയടക്കം കരുത്തരുടെ ബലത്തിൽ കോട്ട കാക്കാമെന്ന് എൽ.ഡി.എഫിന് ആത്മവിശ്വാസം. തങ്ങൾക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലടക്കം പരമാവധി നോട്ടത്തിനൊരുങ്ങി ബി.ജെ.പിയും.

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാംതവണയും മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. തളിപ്പറമ്പിൽ എം.വി.ഗോവിന്ദൻ വീണ്ടും മത്സരിക്കാനിടയില്ല. എം.വി.നികേഷ് കുമാറിന് സാദ്ധ്യത. തലശേരിയിൽ സ്പീക്കർ എ.എൻ.ഷംസീർ വീണ്ടും മത്സരിച്ചേക്കും. മട്ടന്നൂരിൽ കെ.കെ.ശൈലജ വീണ്ടും മത്സരരംഗത്തുണ്ടാകുമോ എന്നതും ശ്രദ്ധേയം. കൂത്തുപറമ്പിൽ കെ.പി.മോഹനൻ വീണ്ടും മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ആർ.ജെ.ഡിയുടെ മുന്നണിമാറ്റ സാദ്ധ്യതകൾ ചർച്ചാവിഷയമാണ്.

അഴീക്കോട്ട് കെ.വി.സുമേഷും കല്യാശേരിയിൽ എം.വിജിനും പയ്യന്നൂരിൽ ടി.ഐ.മധുസൂദനനും വീണ്ടും മത്സരിച്ചേക്കും. സ്ഥാനാർത്ഥി പട്ടികയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവരുടെ പേരുകളും ഇടത് പരിഗണനയലുണ്ട്. മുതിർന്ന നേതാക്കളായ പി.ജയരാജൻ, എം.വി.ജയരാജൻ എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്.

സിറ്റിംഗ് സീറ്റുകളടക്കം നാല് സീറ്റുകൾ നേടാനാണ് യു.ഡി.എഫ് ശ്രമം. കെ.സി.വേണുഗോപാൽ കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിച്ചാൽ ഇരിക്കൂർ പരിഗണിച്ചേക്കും. അല്ലെങ്കിൽ സിറ്റിംഗ് എം.എൽ.എ സജീവ് ജോസഫ് തന്നെയാകും. കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കുമോ എന്നത് നിർണായകം. എൽ.ഡി.എഫിൽ നിന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാകും വീണ്ടുമിറങ്ങുക. പേരാവൂരിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വീണ്ടും മത്സരിക്കും. അഴീക്കോട്ട് കെ.എം.ഷാജി മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ മുസ്ലിംലീഗ് ജില്ലാപ്രസിഡന്റ് അബ്ദുൾകരീം ചേലേരിക്ക് സാദ്ധ്യത. ഒരോ മണ്ഡലത്തിലും വോട്ടുവിഹിതം വർദ്ധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി.

2021ലെ നിയമസഭാ തിര. ഫലം

പയ്യന്നൂർ:ടി.ഐ.മധുസൂദനൻ,സി.പി.എം, 49,780

കല്യാശ്ശേരി: എം.വിജിൻ, സി.പി.എം, 44,393

തളിപ്പറമ്പ്:എം.വി.ഗോവിന്ദൻ, സി.പി.എം, 22,689

ഇരിക്കൂർ: സജീവ് ജോസഫ്, കോൺഗ്രസ്, 10,010

അഴീക്കോട്: കെ.വി.സുമേഷ്,സി.പി.എം, 6,141

കണ്ണൂർ:രാമചന്ദ്രൻ കടന്നപ്പള്ളി, കോൺ.(എസ്), 1,745

ധർമ്മടം: പിണറായി വിജയൻ, സി.പി.എം, 50,123

തലശ്ശേരി: എ.എൻ.ഷംസീർ,സി.പി.എം, 36,801

കൂത്തുപറമ്പ്: കെ.പി.മോഹനൻ, എൽ.ജെ.ഡി, 9,541

മട്ടന്നൂർ:കെ.കെ.ശൈലജ, സി.പി.എം, 60,963

പേരാവൂർ:സണ്ണി ജോസഫ്, കോൺഗ്രസ്, 3,172