തിരഞ്ഞെടുപ്പു കളത്തിലേക്ക് എൽ.ഡി.എഫ് മേഖലാ ജാഥകൾ, വീഴ്ചകൾ തിരുത്തുമെന്ന്  എൽ.ഡി.എഫ് കൺവീനർ

Saturday 10 January 2026 12:30 AM IST

ജനങ്ങളുടെ പ്രതികരണം സൂക്ഷ്മമായി വിലയിരുത്തും

തിരുവനന്തപുരം: മേഖലാ ജാഥകൾ നടത്തി നിയമസഭാ തിരഞ്ഞെടുപ്പിൽ ജനഹിതം അനുകൂലമാക്കാൻ എൽ.ഡി.എഫ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാത്ത സാഹചര്യത്തിൽ ജനങ്ങളുടെ പ്രതികരണങ്ങൾ സൂക്ഷ്മതലത്തിൽ പരിശോധിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. മുന്നണിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും.

നിയമസഭാ മണ്ഡലങ്ങളിൽ എം.എൽ.എമാരുടെ നേതൃത്വത്തിൽ വിശദീകരണ യോഗങ്ങൾ നടത്തും. 12ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും.

വടക്കൻ മേഖല ജാഥ നയിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ്. ഫെബ്രുവരി ഒന്നിന് മഞ്ചേശ്വരത്ത് നിന്നാരംഭിച്ച് 15ന് തിരൂർ അവസാനിക്കും. 60 നിയമസഭാ മണ്ഡലങ്ങളിലാണ് പ്രചാരണം.മദ്ധ്യ മേഖല ജാഥ നയിക്കുന്നത് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. ഫെബ്രുവരി ആറിന് അങ്കമാലിയിൽ നിന്നാരംഭിച്ച് 13ന് ആറൻമുളയിൽ അവസാനിക്കും. 33 മണ്ഡലങ്ങളിൽ പ്രചാരണം. തെക്കൻ മേഖല ജാഥ നയിക്കുന്നത് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഫെബ്രുവരി നാലിന് ചേലക്കരയിൽ നിന്നാരംഭിച്ച് 14ന് തിരുവനന്തപുരത്ത് സമാപിക്കും. 47 മണ്ഡലങ്ങളിൽ പ്രചാരണം.

ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എൽ.ഡി.എഫിനെതിരെ വ്യാപകമായ കള്ളപ്രചാരണം യു.ഡി.എഫ് സംഘടിപ്പിച്ചതായി എൽ.ഡി.എഫ് യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.

യു.ഡി.എഫ് പരാജയപ്പെട്ടാൽ സംഘപരിവാറിന് നേട്ടമാകുമെന്ന പ്രചാരണമുണ്ടായി. വിഴിഞ്ഞം പുനരധിവാസം, ശബരിമല, ജെ.ബി കോശി കമ്മീഷൻ വിഷയങ്ങളിൽ വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തി.

യു.ഡി.എഫും ബി.ജെ.പിയും വർഗീയ ധ്രുവീകരണത്തിനും ശ്രമിച്ചു. ഇതെല്ലാം അതിജീവിച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം നേടാനാകുമെന്ന് കൺവീനർ അവകാശപ്പെട്ടു.