5 ജില്ലകളിൽ ആർ.ടി.ഒമാരില്ല താളംതെറ്റി പ്രവർത്തനം
കോട്ടയം: സംസ്ഥാനത്ത് അഞ്ച് ആർ.ടി ഓഫീസുകളിൽ മാസങ്ങളായി ആർ.ടി.ഒമാരില്ലാത്തതിനാൽ ഇവിടങ്ങളിൽ പ്രവർത്തനം താളംതെറ്റി. ഫയലുകൾ തീർപ്പാക്കുന്നതിലടക്കം കാലതാമസം നേരിടുന്നു. കോട്ടയം, ആലപ്പുഴ, കോഴിക്കോട്, വടകര റൂറൽ, കണ്ണൂർ എന്നിവിടങ്ങളിലാണിത്. തത്കാലം മറ്റ് ഉദ്യോഗസ്ഥർക്ക് പകരം ചുമതല നൽകിയിരിക്കുകയാണ്.
കണ്ണൂർ, വടകര റൂറൽ, ആലപ്പുഴ എന്നിവിടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയ്‌ക്കും കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയില്ലാത്തതിനാൽ ചുമതല ജോയിന്റ് ആർ.ടി.ഒയ്ക്കുമാണ്. കോട്ടയത്തിന്റെ ചുമതല പത്തനംതിട്ട ആർ.ടി.ഒയ്‌ക്കാണ്. ഇവരുടെ സേവനം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് ലഭിക്കുന്നത്.
പത്തനംതിട്ട ആർ.ടി.ഒയ്ക്ക് ശബരിമലയുമായി ബന്ധപ്പെട്ട അവലോകന യോഗങ്ങൾ പതിവായതോടെ രണ്ടാഴ്ച കൂടുമ്പോൾ പോലും കോട്ടയത്തിന്റെ ചുമതല നിർവഹിക്കാനാകുന്നില്ല. വാഹന ഗതാഗതവുമായി ബന്ധപ്പെട്ട നിർണായക തീരുമാനമെടുക്കുന്ന റോഡ് ട്രാൻസ്‌പോർട്ട് അതോറിട്ടി (ആർ.ടി.എ) യോഗവും ഇവിടങ്ങളിൽ ചേരാനാകുന്നില്ല.
ഫയലുകൾ കെട്ടിക്കിടക്കുന്നു
ബസുകൾക്ക് സ്റ്റേജ് കാര്യേജ് പെർമിറ്റുകൾ അനുവദിക്കുന്നത്
ചരക്കുവാഹനങ്ങളുടെ ദേശീയ പെർമിറ്റുകൾ പുതുക്കൽ
സ്വകാര്യബസുടമകളും വാഹനഡീലർമാരും ബുദ്ധിമുട്ടിൽ
ഡ്രൈവിംഗ് ലൈസൻസുകൾ അയോഗ്യമാക്കൽ, വാഹന രജിസ്‌ട്രേഷൻ
പ്രൊമോഷൻ ലിസ്റ്റ്
സമർപ്പിച്ചില്ല
ആർ.ടി.ഒമാരുടേതടക്കം പ്രൊമോഷൻ ലിസ്റ്റ് കഴിഞ്ഞ ഒക്ടോബറിൽ ഡയറക്ടറേറ്റിൽ നിന്ന് ആവശ്യപ്പെട്ടിട്ടും ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽ നിന്ന് സമർപ്പിച്ചില്ല. ഡിപ്പാർട്ട്മെന്റ് പ്രൊമോഷൻ കമ്മിറ്റിയും കൂടിയിട്ടില്ല. എക്സിക്യുട്ടീവ് ഓഫീസർമാരും മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥരും തമ്മിലുള്ള ശീതസമരമാണ് കാരണമെന്നാണ് ആക്ഷേപം.