ശബരിമല തിരിച്ചടിയെന്ന്  എൽ.ഡി.എഫ് കക്ഷികൾ വാദം തള്ളി മുഖ്യമന്ത്രി ഭരണവിരുദ്ധ വികാരം  ഉണ്ടായെന്ന് നേതാക്കൾ മുന്നണിഐക്യം ഉണ്ടായാൽ തുടർഭരണമെന്ന് മുഖ്യമന്ത്രി

Saturday 10 January 2026 12:33 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിരിച്ചടിയായെന്ന് ഇടതുമുന്നണി യോഗത്തിൽ ഘടകകക്ഷി നേതാക്കൾ തുറന്നടിച്ചു.

പാർട്ടികൾ നടത്തിയ തദ്ദേശ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകൾ മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗത്തിൽ അവതരിപ്പിക്കുകയായിരുന്നു. സി.പി.ഐയും കേരള കോൺഗ്രസും (എം) ആർ.ജെ.ഡിയും ഉൾപ്പെടെയുള്ള പാർട്ടികളുടെ നേതാക്കൾ ശബരിമല വിഷയം തിരിച്ചടിക്ക് കാരണമായെന്ന് അഭിപ്രായപ്പെട്ടു. ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞില്ല. അമിത ആത്മവിശ്വാസം കെണിയായി. സ്വർണക്കൊള്ളക്കേസ് പ്രതിപക്ഷം ആയുധമാക്കിയത് തടയാനായില്ല. ഹിന്ദുവോട്ടുകൾ യു.ഡി.എഫിന് അനുകൂലമായെന്നും അഭിപ്രായപ്പെട്ടു.

അതേസമയം, മുന്നണി ഐക്യം ഉണ്ടെങ്കിൽ തുടർഭരണം ഉറപ്പാണെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായത് സവിശേഷ സാഹചര്യമാണെന്നും ന്യായീകരിച്ചു. തിരിച്ചടിക്ക് പ്രധാന കാരണം ശബരിമലയാണെന്ന് അംഗീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.

വീഴ്ചകൾ തിരുത്തിയില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്ന മുന്നേറ്റം ഉണ്ടാക്കാൻ കഴിയില്ലെന്ന് നേതാക്കൾ പറഞ്ഞു. ന്യൂനപക്ഷങ്ങൾ അകന്നാൽ നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിസന്ധി നേരിടേണ്ടിവരും. നയപരമായ കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കുമ്പോൾ ഇടതുമുന്നണിയിൽ ചർച്ച ചെയ്യണം. പി.എം ശ്രീ പദ്ധതി മുന്നണിയിൽ ചർച്ച ചെയ്തിരുന്നെങ്കിൽ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നെന്നും അഭിപ്രായമുയർന്നു.

തിരിച്ചുവരാൻ ബുദ്ധിമുട്ടില്ല

സി.പി.എമ്മിനും സർക്കാരിനുമെതിരെ സി.പി.ഐയിൽ ഉയർന്ന വിമർശനം മുന്നണിയോഗത്തിൽ പ്രതിഫലിച്ചില്ല. നിലപാട് മയപ്പെടുത്തിയാണ് ബിനോയ് വിശ്വം പങ്കെടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും തിരിച്ചുവരാൻ ബുദ്ധിമുട്ടില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. വൻപരാജയം സംഭവിച്ചിട്ടില്ല. സവിശേഷ സാഹചര്യമാണ് നേരിടേണ്ടി വന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മൂന്നുമാസം മുന്നിലുണ്ട്. ലൈഫ് പദ്ധതിയടക്കം ഫലപ്രദമായി പൂർത്തിയാക്കാൻ കഴിഞ്ഞാൽ തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.