വി.എച്ച്.എസ്.ഇ സ്കൂളുകളെ സ്കിൽ ഹബ്ബുകളാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയെ തൊഴിൽ വിപണിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി 43 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച സബ്ജക്ട് ക്ലസ്റ്റർ യോഗങ്ങൾ പൂർത്തിയായി. വി.എച്ച്.എസ്.ഇ സ്കൂളുകളെ ലോകോത്തര നിലവാരമുള്ള സ്കിൽ ഹബ്ബുകളായി മാറ്റുന്നതിനുള്ള സർക്കാരിന്റെ ചുവടുവയ്പ്പാണിത്. യോഗങ്ങളിൽ 1,100 വൊക്കേഷണൽ അദ്ധ്യാപകരും 43 വ്യവസായ വിദഗ്ദ്ധരും പങ്കെടുത്തു.
വരും ദിവസങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട കോ-ഓർഡിനേറ്റർമാർ വ്യവസായ സംരംഭങ്ങളുമായി ചേർന്ന് പുതിയ പരിശീലന പദ്ധതികൾക്ക് രൂപം നൽകും. നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് പ്രകാരം ഓരോ വൊക്കേഷണൽ വിഷയത്തിലും മികച്ച പ്രായോഗിക പരിശീലനം ഉറപ്പാക്കുന്നതിനായി 'ഇൻഡസ്ട്രി-അക്കാഡമിയ കോ-ഓർഡിനേറ്റർമാരെയും തിരഞ്ഞെടുത്തു. സ്കൂളുകളും തൊഴിൽദാതാക്കളും തമ്മിലുള്ള വിടവ് പരിഹരിക്കാനും മികച്ച ഓൺ ദി ജോബ് ട്രെയിനിംഗ് ലഭ്യമാക്കാനും ഇവർ നേതൃത്വം നൽകും.