വനിതാ പ്രീമിയര്‍ ലീഗ്: മുംബയ് ഇന്ത്യന്‍സിനെ അവസാന പന്തില്‍ വീഴ്ത്തി ആര്‍സിബി

Friday 09 January 2026 11:40 PM IST

നവി മുംബയ്: വനിതാ പ്രിമിയര്‍ ലീഗിന്റെ നാലാം സീസണിലെ ആദ്യ മത്സരത്തില്‍ മുംബയ് ഇന്ത്യന്‍സിനെ അവസാന പന്തില്‍ കീഴടക്കി ആര്‍.സി.ബി. മലയാളി താരം സജന സജീവന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ( 25 പന്തുകളില്‍ ഏഴു ഫോറും ഒരു സിക്‌സുമടക്കം 45 റണ്‍സ് ) മികവില്‍ ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബയ് നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി. ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന അവസാന പന്തില്‍ ഫോറടിച്ച് നാദീന്‍ ഡി ക്ലെര്‍ക്ക് ആര്‍.സിബിയെ ജയിപ്പിക്കുകയായിരുന്നു. രണ്ട് വീതം ഫോറും സിക്‌സുമടക്കം 20 റണ്‍സാണ് നാദീന്‍ അവസാന ഓവറില്‍ നേടിയത്. ദക്ഷിണാഫ്രിക്കക്കാരിയായ നാദീന്‍ ഡി ക്‌ളെര്‍ക്ക് ബൗളിംഗില്‍ നാലോവറില്‍ 26 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തുകയും ബാറ്റിംഗില്‍ പുറത്താകാതെ 63 റണ്‍സ് നേടി വിജയ ശില്‍പ്പിയാകുകയും ചെയ്തു.

ടോസ് നേടിയ ആര്‍.സി.ബി ക്യാപ്ടന്‍ സ്മൃതി മാന്ഥന മുംബയ്യെ ബാറ്റിംഗിനിറക്കുകയായിരുന്നു. കിവീസ് താരം അമേലിയ ഖെറും (4) ഇന്ത്യന്‍ കൗമാരതാരം ജി.കമലിനിയും (32) ചേര്‍ന്നാണ് മുംബയ്ക്ക് വേണ്ടി ഓപ്പണിംഗിനിറങ്ങിയത്. കമലിനി താളം കണ്ടെത്തിയെങ്കിലും അമേലിയയ്ക്ക് ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല. 15 പന്തുകളില്‍ നാലുറണ്‍സ് മാത്രം നേടിയ അമേലിയയെ അഞ്ചാം ഓവറില്‍ ലോറന്‍ ബെല്ലിന്റെ ബൗളിംഗില്‍ അരുന്ധതി റെഡ്ഡി പിടികൂടിയപ്പോള്‍ മുംബയ് 21/1 എന്ന നിലയിലായി. തുടര്‍ന്നെത്തിയ നാറ്റ് ഷിവര്‍ ബ്രണ്ടും നാലുറണ്‍സെടുത്ത് മടങ്ങി. 35/2 എന്ന നിലയില്‍ നിന്ന് കമലിനിയും ക്യാപ്ടന്‍ ഹര്‍മന്‍പ്രീത് കൗറും (20) ചേര്‍ന്ന് പത്തോവറില്‍ 63ലെത്തിച്ചു. അവിടെവച്ച് കമലിനിയും 67ലെത്തിയപ്പോള്‍ ഹര്‍മനും മടങ്ങി.

ഇതോടെ അഞ്ചാം വിക്കറ്റില്‍ ഒരുമിച്ച സജനയും (45) നിക്കോള കാരേയും (40) ചേര്‍ന്നാണ് മുംബയ്യെ മാന്യമായ സ്‌കോറിലെത്തിച്ചത്. 48 പന്തുകളില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം അവസാന ഓവറില്‍ വേര്‍പിരിയുമ്പോള്‍ മുംബയ് 149 റണ്‍സിലെത്തിയിരുന്നു. 29 പന്തുകളില്‍ നാലുഫോറടിച്ച കാരേ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് പുറത്തായത്.