ക്രൂഡ് ഓയിലിനും സ്വര്‍ണത്തിനും വില ഉയരുന്നു; നിലയുറയ്ക്കാതെ വിപണി

Saturday 10 January 2026 12:03 AM IST

ഓഹരി, രൂപ മൂക്കുകുത്തി, സ്വര്‍ണം, ക്രൂഡ് വില ഉയരുന്നു

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ ശക്തമായതോടെ ധനകാര്യ, കമ്പോള വിപണികളില്‍ ചാഞ്ചാട്ടം രൂക്ഷമാകുന്നു. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ നീക്കവും ഗ്രീന്‍ലാന്‍ഡിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ഇറാനിലെ പ്രതിസന്ധിയും നിക്ഷേപകര്‍ക്ക് കടുത്ത വെല്ലുവിളിയാണ്. ഇന്ത്യന്‍ ഓഹരികളും രൂപയും ഇന്നലെ കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം, ക്രൂഡോയില്‍ വില വീണ്ടും ഉയരുകയാണ്. ഓഹരി വിപണി തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് നഷ്ടം നേരിടുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസക്കാലയളവില്‍ ഇന്ത്യന്‍ കമ്പനികളുടെ പ്രവര്‍ത്തന ഫലത്തെ കുറിച്ചുള്ള ആശങ്കകളും നിക്ഷേപകര്‍ക്കുണ്ട്. ഇന്നലെ സെന്‍സെക്സ് 605 പോയിന്റ് ഇടിഞ്ഞ് 83,576.24ല്‍ അവസാനിച്ചു. നിഫ്റ്റി 194 പോയിന്റ് നഷ്ടത്തോടെ 25,683.30ല്‍ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലയിലും കനത്ത വില്‍പ്പന സമ്മര്‍ദ്ദം ദൃശ്യമായി.അഞ്ച് സെഷനുകളിലായി സെന്‍സെക്സ് 2,186 പോയിന്റാണ് ഇടിഞ്ഞത്. അദാനി പോര്‍ട്ട്സ്, അദാനി എന്റര്‍പ്രൈസസ്, എന്‍.ടി.പി.സി എന്നിവയാണ് ഏറ്റവുമധികം വിലയിടിവ് നേരിട്ടത്. റിയല്‍റ്റി, വാഹന, ഐ.ടി, ധനകാര്യ മേഖലയിലെ ഓഹരികള്‍ കടുത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടു.

രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പിന്മാറ്റം ശക്തമായതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 26 പൈസ കുറഞ്ഞ് 9.16ല്‍ എത്തി. ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തിയാര്‍ജിച്ചതും ക്രൂഡോയില്‍ വിലക്കുതിപ്പുമാണ് രൂപയ്ക്ക് സമ്മര്‍ദ്ദം ശക്തമാക്കുന്നത്.

ക്രൂഡോയില്‍ വില ഉയരുന്നു

ഇറാനിലെ രാഷ്ട്രീയ പ്രതിസന്ധിയും അമേരിക്കയുടെ വെനസ്വേലയിലെ ഇടപെടലും ക്രൂഡോയില്‍ വിപണിയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. ഇതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 62 ഡോളര്‍ കവിഞ്ഞ് കുതിച്ചു.

സ്വര്‍ണ വിലയില്‍ കുതിപ്പ്

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ പ്രിയമേറിയതോടെ രാജ്യാന്തര വിപണിയില്‍ ഇന്നലെ സ്വര്‍ണ വില ഔണ്‍സിന് 4,480 ഡോളറിലേക്ക് തിരിച്ചെത്തി. ഇതിന്റെ ചുവടുപിടിച്ച് കേരളത്തില്‍ പവന്‍ വില രണ്ട് തവണയായി 960 രൂപ ഉയര്‍ന്ന് 1,02,160 രൂപയിലെത്തി. ഗ്രാമിന്റെ വില 120 ഉയര്‍ന്ന് 12,770 രൂപയായി.

അഞ്ച് ദിവസത്തിനിടെ നിക്ഷേപകരുടെ മൊത്തം നഷ്ടം 13 ലക്ഷം കോടി രൂപ

ആഗോള അനിശ്ചിതത്വം ശക്തമാകുന്നു