ആർ.സി.ബി ആരവം
വനിതാ പ്രിമിയർ ലീഗിലെ ആദ്യ മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ തോൽപ്പിച്ച് ആർ.സി.ബി
സജന സജീവൻ 25 പന്തുകളിൽ 45 റൺസ്
നവി മുംബയ് : വനിതാ പ്രിമിയർ ലീഗിന്റെ നാലാം സീസണിലെ ആദ്യ മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ അവസാന പന്തിൽ കീഴടക്കി ആർ.സി.ബി. മലയാളി താരം സജന സജീവന്റെ തകർപ്പൻ ബാറ്റിംഗിന്റെ ( 25 പന്തുകളിൽ ഏഴു ഫോറും ഒരു സിക്സുമടക്കം 45 റൺസ് ) മികവിൽ ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബയ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി. ജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരുന്ന അവസാന പന്തിൽ ഫോറടിച്ച് നാദീൻ ഡി ക്ലെർക്ക് ആർ.സിബിയെ ജയിപ്പിക്കുകയായിരുന്നു. രണ്ട് വീതം ഫോറും സിക്സുമടക്കം 20 റൺസാണ് നാദീൻ അവസാന ഓവറിൽ നേടിയത്. ദക്ഷിണാഫ്രിക്കക്കാരിയായ നാദീൻ ഡി ക്ളെർക്ക് ബൗളിംഗിൽ നാലോവറിൽ 26 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തുകയും ബാറ്റിംഗിൽ പുറത്താകാതെ 63 റൺസ് നേടി വിജയ ശിൽപ്പിയാകുകയും ചെയ്തു.
ടോസ് നേടിയ ആർ.സി.ബി ക്യാപ്ടൻ സ്മൃതി മാന്ഥന മുംബയ്‌യെ ബാറ്റിംഗിനിറക്കുകയായിരുന്നു. കിവീസ് താരം അമേലിയ ഖെറും (4) ഇന്ത്യൻ കൗമാരതാരം ജി.കമലിനിയും (32) ചേർന്നാണ് മുംബയ്ക്ക് വേണ്ടി ഓപ്പണിംഗിനിറങ്ങിയത്. കമലിനി താളം കണ്ടെത്തിയെങ്കിലും അമേലിയയ്ക്ക് ഫോമിലേക്ക് ഉയരാൻ കഴിഞ്ഞില്ല. 15 പന്തുകളിൽ നാലുറൺസ് മാത്രം നേടിയ അമേലിയയെ അഞ്ചാം ഓവറിൽ ലോറൻ ബെല്ലിന്റെ ബൗളിംഗിൽ അരുന്ധതി റെഡ്ഡി പിടികൂടിയപ്പോൾ മുംബയ് 21/1 എന്ന നിലയിലായി. തുടർന്നെത്തിയ നാറ്റ് ഷിവർ ബ്രണ്ടും നാലുറൺസെടുത്ത് മടങ്ങി. 35/2 എന്ന നിലയിൽ നിന്ന് കമലിനിയും ക്യാപ്ടൻ ഹർമൻപ്രീത് കൗറും (20) ചേർന്ന് പത്തോവറിൽ 63ലെത്തിച്ചു. അവിടെവച്ച് കമലിനിയും 67ലെത്തിയപ്പോൾ ഹർമനും മടങ്ങി.
ഇതോടെ അഞ്ചാം വിക്കറ്റിൽ ഒരുമിച്ച സജനയും (45) നിക്കോള കാരേയും (40) ചേർന്നാണ് മുംബയ്‌യെ മാന്യമായ സ്കോറിലെത്തിച്ചത്. 48 പന്തുകളിൽ 82 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം അവസാന ഓവറിൽ വേർപിരിയുമ്പോൾ മുംബയ് 149 റൺസിലെത്തിയിരുന്നു. 29 പന്തുകളിൽ നാലുഫോറടിച്ച കാരേ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് പുറത്തായത്.
ഇന്നത്തെ മത്സരങ്ങൾ
ഗുജറാത്ത് Vs യു.പി
3.30 pm മുതൽ
മുംബയ് Vs ഡൽഹി
7.30 pm മുതൽ
സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും ലൈവ്