ബലം പിടിച്ചാൽ നഷ്ടം ബംഗ്ളാദേശിന്
ഢാക്ക : ട്വന്റി-20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ നിലപാട് വ്യക്തമാക്കിയെങ്കിലും വഴങ്ങാൻ കൂട്ടാക്കാതെ വേദിമാറ്റം ആവശ്യപ്പെട്ട് വീണ്ടും ബംഗ്ളാദേശ്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോട് മുട്ടാൻ നിൽക്കുന്നത് തങ്ങളുടെ സ്പോൺസർഷിപ്പ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തിരിച്ചടിയാകുമെന്നതിനാൽ ബംഗ്ളാദേശി കളിക്കാർക്കിടയിൽ ഇതിനോടുള്ള അതൃപ്തിയും ശക്തമായി.
ബംഗ്ളാദേശിൽ ഹിന്ദുക്കൾക്ക് എതിരെ നടക്കുന്ന ആക്രമണങ്ങളുടെ പേരിൽ പ്രതിഷേധം ശക്തമായതോടെ ബംഗ്ളാദേശി താരം മുസ്താഫിസുർ റഹ്മാനെ ഐ.പി.എൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലിയാണ് ബംഗ്ളാദേശ് ലോകകപ്പ് ബഹിഷ്കരണ ഭീഷണി ഉയർത്തുന്നത്.
ഇന്ത്യയിൽ തങ്ങളുടെ താരങ്ങൾക്ക് സുരക്ഷയില്ലെന്നും അതിനാൽ മത്സരങ്ങൾ സഹവേദിയായ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് നൽകിയ കത്തിനെത്തുടർന്ന് ഐ.സി.സി നടത്തിയ ചർച്ചയിൽ താരങ്ങൾക്ക് ഇന്ത്യയിൽ സുരക്ഷയ്ക്ക് ഒരു കുറവുമുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാതെ വേദി മാറ്റിയേ പറ്റൂ എന്ന നിലപാടിൽ തുടരുകയാണ് ബംഗ്ളാദേശ്. രാജ്യതാത്പര്യം ബലികഴിച്ച് ലോകകപ്പ് കളിക്കേണ്ടതില്ലെന്ന് കഴിഞ്ഞദിവസം ബംഗ്ളാദേശ് സർക്കാരിന്റെ കായിക ഉപദേഷ്ടാവ് വ്യക്തമാക്കിയിരുന്നു.തുടർന്നാണ് വീണ്ടും കത്തയച്ചത്.
സ്പോൺസർഷിപ്പ് പോകും
ലോകകപ്പ് വേദിമാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ബംഗ്ളാദേശി ക്രിക്കറ്റർമാരുമായുള്ള സ്പോൺസർഷിപ്പ് കരാർ പുതുക്കേണ്ടതില്ലെന്ന് പ്രമുഖ ഇന്ത്യൻ സ്പോർട്സ് എക്വിപ്മെന്റ് നിർമ്മാണ കമ്പനിയായ എസ്.ജി നിലപാടെടുത്തു കഴിഞ്ഞു. ബംഗ്ളാദേശ് ക്യാപ്ടൻ ലിട്ടൺ ദാസ് ഉൾപ്പടെയുള്ള താരങ്ങൾക്ക് കിറ്റ് സ്പോൺസർ ചെയ്യുന്നത് എസ്.ജിയാണ്.
ഇന്ത്യയുമായി ഏറ്റുമുട്ടാൻ പോകുന്നത് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡിന് വലിയ നഷ്ടമുണ്ടാക്കുമെന്ന് മുൻ ബംഗ്ളാ നായകൻ തമിം ഇഖ്ബാൽ ചൂണ്ടിക്കാട്ടി. ആൾക്കൂട്ടത്തിന്റെ ആരവം കണക്കിലെടുത്ത് ലോകകപ്പ് ബഹിഷ്കരിക്കാനൊരുങ്ങിയാൽ ബംഗ്ളാദേശിന്റെ ക്രിക്കറ്റ് ഭാവിക്ക് വലിയ തിരിച്ചടിയാകുമെന്നും ഇന്നെടുക്കുന്ന തീരുമാനത്തിന്റെ ഫലം പത്തുകൊല്ലം കൊണ്ടും അനുഭവിച്ച് തീരുകയില്ലെന്നും തമിം മുന്നറിയിപ്പ് നൽകി.