രജിസ്റ്റർ ചെയ്തത് 10,404 പേർ: അവയവദാനത്തോട് മമതയില്ലാതെ കേരളം

Saturday 10 January 2026 12:11 AM IST

തൃശൂർ: ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം പേർ അവയവദാനത്തിനുള്ള സമ്മതപത്രം ഒപ്പിടുമ്പോൾ കേരളത്തിൽ കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത് 10,404 പേർ. 2024ൽ അത് മൂവായിരമായിരുന്നു. അപകടത്തിൽ മരണപ്പെട്ടവരുടെയടക്കം അവയവം നഷ്ടപ്പെടുന്നുവെന്നും പിന്നിൽ മാഫിയയുണ്ടെന്നുമുള്ള പ്രചാരണമാണ് തിരിച്ചടിയായത്. ഇത് അവയവദാന സമ്മതപത്രം നൽകുന്നതിൽ നിന്ന് പലരെയും പിന്നോട്ട് വലിച്ചു. രാജ്യത്ത് കൂടുതൽ പേർ സമ്മതപത്രം നൽകിയത് മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ്. കർണാടക, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലും കൂടുതൽ പേർ സമ്മതപത്രം നൽകി. മഹാരാഷ്ട്രയിൽ 1.12 ലക്ഷം പേരും രാജസ്ഥാനിൽ 91,283 പേരും രജിസ്‌ട്രേഷൻ നടത്തി.

കേരളത്തിൽ തിരുവനന്തപുരമാണ് മുന്നിൽ. 2,306 പേർ സമ്മതപത്രം നൽകി. എറണാകുളം, കൊല്ലം, കോഴിക്കോട്, കോട്ടയം ജില്ലകളിലുള്ളവരാണ് തൊട്ടുപിന്നിൽ. കൂടുതലായും 30-45 പ്രായത്തിലുള്ളവരാണ് സമ്മതപത്രം നൽകിയത്-4,121 പേർ. 60 വയസിന് മുകളിലുള്ള 621പേരും സമ്മതപത്രം നൽകി. സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റേഷൻ ഓർഗനൈസേഷൻ (കെസോട്ടോ) നടത്തിയ പ്രചാരണത്തിന്റെ ഭാഗമായാണ് അവയവദാന രജിസ്‌ട്രേഷനിൽ കേരളത്തിന് കഴിഞ്ഞവർഷം ഉണർവുണ്ടായത്.

കൂടുതൽ സമ്മതപത്രം നൽകിയത്

തിരുവനന്തപുരം 2306 എറണാകുളം 1141 കൊല്ലം 959 കോഴിക്കോട് 863 കോട്ടയം 850

പ്രായത്തിൽ

18-30 3935 30-45 4121 45-60 1727 60ന് മുകളിൽ 621

കൂടുതൽ മഹാരാഷ്ട്രയിൽ

മഹാരാഷ്ട്ര 1,12,593 രാജസ്ഥാൻ 91,283 കർണാടക 53,817 ഗുജറാത്ത് 46,013 മദ്ധ്യപ്രദേശ് 24,327.