ഗുരുവായൂർ ദേവസ്വം നിയമനം: അധികാരം മാനേജിംഗ് കമ്മിറ്രിക്ക്

Saturday 10 January 2026 12:14 AM IST

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിൽ നിയമനങ്ങൾ നടത്തുന്നതിൽനിന്ന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനെ (കെ.ഡി.ആർ.ബി) ഒഴിവാക്കി ഹൈക്കോടതി. ദേവസ്വം മാനേജിംഗ് കമ്മിറ്റിക്കാണ് ഇതിനുള്ള അധികാരമെന്നും ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.

നിയമനങ്ങൾ സംബന്ധിച്ച റിക്രൂട്ട്‌മെന്റ് ബോർഡ് നിയമത്തിലെ ഒമ്പതാംവകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തി കോടതി റദ്ദാക്കി. മാനേജിംഗ് കമ്മിറ്റിക്ക് അധികാരം നൽകുന്ന 1978ലെ ഗുരുവായൂർ ദേവസ്വം നിയമത്തിലെ 19-ാം വകുപ്പിനാണ് നിയമസാധുതയെന്നും വിധിച്ചു. അതേസമയം റിക്രൂട്ട്മെന്റ് ബോർഡ് ഇതുവരെ നടത്തിയ നിയമനങ്ങൾക്ക് സാധുത ഉണ്ടായിരിക്കും. റിക്രൂട്ട്‌മെന്റ് ബോർഡ് നിയമനവ്യവസ്ഥ ശരിവച്ച സിംഗിൾബെഞ്ച് ഉത്തരവിനെതിരെ ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ കോൺഗ്രസ് അടക്കം സമർപ്പിച്ച അപ്പീലുകളിലാണ് ഉത്തരവ്. ഹർജിക്കാർക്കായി അഡ്വ. ജാജു ബാബു ഹാജരായി.

രാഷ്ട്രപതിയുടെ അംഗീകാരത്തോടെയാണ് 1978ലെ ദേവസ്വംനിയമം പ്രാബല്യത്തിലായത്. അതിനുശേഷം നിയമസഭ പാസാക്കിയ കെ.ഡി.ആർ.ബി നിയമത്തിന് ഇതിനെ മറികടക്കാനാകില്ലെന്നും ഡിവിഷൻബെഞ്ച് പറഞ്ഞു.

വിജ്ഞാപനങ്ങൾ റദ്ദാക്കി

ഗുരുവായൂർ ദേവസ്വത്തിലും അനുബന്ധ എയ്ഡഡ് സ്ഥാപനങ്ങളിലും വിവിധ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ച് റിക്രൂട്ട്‌മെന്റ് ബോർഡ് പുറപ്പെടുവിച്ച പുതിയ വിജ്ഞാപനങ്ങൾ കോടതി റദ്ദാക്കി. ദേവസ്വം മാനേജിംഗ് കമ്മിറ്റി നിയമാനുസൃതമായി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് നിയമന നടപടികൾ ആരംഭിക്കണം.

പ്രത്യേക മേൽനോട്ട സമിതി

സുതാര്യമായ നിയമന പ്രക്രിയ ഉറപ്പാക്കാൻ ഹൈക്കോടതി പ്രത്യേക സമിതിയെ നിയോഗിച്ചു. റിട്ട. ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ അദ്ധ്യക്ഷനായ സമിതിയിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ, അഡ്വ. കെ. ആനന്ദ് എന്നിവരാണ് അംഗങ്ങൾ. ഒരു വർഷമാണ് സമിതിയുടെ കാലാവധി. അദ്ധ്യക്ഷന് ഒരുലക്ഷം രൂപയും അഡ്വ. കെ. ആനന്ദിന് 50,000 രൂപയും പ്രതിമാസ പ്രതിഫലം നൽകണം.