അതീവരഹസ്യമായി തന്ത്രിയുടെ അറസ്റ്റിലേക്ക്

Saturday 10 January 2026 12:36 AM IST

തിരുവനന്തപുരം: അയ്യപ്പ ഭക്തർ ദൈവതുല്യനായി കാണുന്ന ശബരിമല തന്ത്രിയെ അതീവരഹസ്യമായും അതിനാടകീയമായും നടത്തിയ നീക്കത്തിലൂടെയാണ് എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യത്തിന് തന്ത്രി ശ്രമിക്കുന്നതറിഞ്ഞ് അതിനുള്ള പഴുത് അടച്ചു. പ്രതിയാക്കില്ലെന്നും പകരം സാക്ഷിയാക്കുമെന്നും തന്ത്രിയെ എസ്.ഐ.ടി ധരിപ്പിച്ചു.

പത്മകുമാറിന്റെയടക്കം ജാമ്യം തടയാൻ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ തന്ത്രിയുടെ പേര് ഒഴിവാക്കി . ഹൈക്കോടതിയിൽ നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ തന്ത്രിയുടെ പങ്ക് വിശദമാക്കി. അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി പ്രകടിപ്പിച്ചതോടെ അറസ്റ്റാവാമെന്ന് എസ്.ഐ.ടി തീരുമാനിച്ചു.

മിക്ക പ്രതികളും തന്ത്രിക്കെതിരെ മൊഴിനൽകിയിരുന്നു. ശബരിമലയിലെ ജീവനക്കാരും മൊഴിനൽകി. സന്നിധാനത്ത് നിന്ന് ഒരിക്കൽ പുറത്താക്കിയ പോറ്റിക്ക് സ്പോൺസറായി തിരിച്ചെത്താൻ വഴിയൊരുക്കിയത് തന്ത്രിയാണെന്നും പത്മകുമാറിന് പോറ്റിയെ പരിചയപ്പെടുത്തിയത് തന്ത്രിയാണെന്നും കണ്ടെത്തി. ഇരുവരും തമ്മിലുള്ള ബംഗളുരു ബന്ധവും ഫോൺവിളി രേഖകളുമെല്ലാം തെളിവായി. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ സ്വർണംപൂശിയ കട്ടിളപ്പാളികൾ പൂജയ്ക്ക് വച്ച ബംഗളുരുവിലെ ക്ഷേത്രങ്ങളിലെ തന്ത്രിയും കണ്‌ഠരര് രാജീവരായിരുന്നെന്ന് കണ്ടെത്തി.

പോറ്റിക്ക് എല്ലാ സഹായവും ചെയ്തെന്നും കൊള്ളയ്ക്ക് സാഹചര്യമൊരുക്കിയത് തന്ത്രിയാണെന്നും നിരവധി മൊഴികൾ എസ്.ഐ.ടിക്ക് ലഭിച്ചു. പോറ്റി ശാന്തിയായി പ്രവർത്തിച്ച ബംഗളുരുവിലെ ക്ഷേത്രത്തിലെ തന്ത്രിയും രാജീവരായിരുന്നു.

ചില വിവരങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞാണ് തന്ത്രിയെ രാവിലെ എട്ടോടെ തലസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയത്. സഹായിക്കൊപ്പമാണ് തന്ത്രിയെത്തിയത്. ഉച്ചയ്ക്ക് രണ്ടോടെ അറസ്റ്റ് ചെയ്യുകയാണെന്ന് അറിയിച്ചു. ബന്ധുവായ നാരായണൻ നമ്പൂതിരിക്ക് അറസ്റ്റ് വിവരം രേഖാമൂലം കൈമാറി. തന്ത്രി ദേവസ്വം ബോർഡിൽ നിന്ന് ശമ്പളം വാങ്ങുന്നതിനാൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കുമെന്നതിനാൽ അതും ചുമത്തി.

ഇന്നലെ രാത്രി 7.40 ഓടെയാണ് തന്ത്രിയെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്.മോഹിതിന്റെ വീട്ടിൽ ഹാജരാക്കിയത്.

23 വരെയാണ് റിമാൻഡ് ചെയ്തത്. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 13ന് കോടതി പരിഗണിക്കും.

തന്ത്രിയുടെ പങ്ക് നേരത്തേ ദേവസ്വം വിജിലൻസ് അന്വേഷിച്ചിരുന്നതാണ്. സ്വർണപ്പാളികൾ സംബന്ധിച്ച മഹസറിൽ തന്ത്രിയുടെ പേരുണ്ടായിരുന്നു. എന്നാൽ തന്ത്രി ഒപ്പിട്ടില്ലെങ്കിലും പേര് എഴുതിച്ചേർത്തതായാണ് അന്നത്തെ കണ്ടെത്തൽ. കൊള്ളയിൽ തന്ത്രിക്ക് പങ്കില്ലെന്നായിരുന്നു ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.

പത്മകുമാറിന്റെ മൊഴിയും കുരുക്കായി

പോറ്റി ശബരിമലയിൽ പ്രവർത്തിച്ചിരുന്നത് തന്ത്രിയുടെ ആളായിട്ടായിരുന്നെന്നും പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെ പിൻബലത്തിലാണെന്നുമായിരുന്നു മൊഴി.

തീരുമാനം താൻ മാത്രമായി എടുത്തതല്ല, എല്ലാവരും അറിഞ്ഞുകൊണ്ടുള്ളതാണ്. താൻ ദൈവതുല്യമായി കാണുന്നവരാണ് സ്വർണക്കൊള്ളയ്ക്ക് പിന്നിലുണ്ട് എന്നും ചൂണ്ടിക്കാട്ടി.

ഇതുവരെ ‌

11അറസ്റ്റ്

ഉണ്ണികൃഷ്ണൻ പോറ്റി

(സ്പോൺസർ)-ഒക്ടോബർ 17

മുരാരിബാബു

(മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ)-

ഒക്ടോബർ 23

ഡി.സുധീഷ് കുമാർ

(മുൻ എക്സിക്യൂട്ടീവ് ഓഫീസർ)

നവംബർ 1

കെ.എസ്.ബൈജു-

(മുൻ തിരുവാഭരണം കമ്മിഷണർ)-

നവംബർ6

എൻ.വാസു

(ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറും)

-നവംബർ 11

എ.പത്മകുമാർ

(ബോർഡ് മുൻ പ്രസിഡന്റ്)

-നവംബർ20

എസ്.ശ്രീകുമാർ

(മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ)

-ഡിസംബർ17

പങ്കജ് ഭണ്ഡാരി

(സ്വർണം വേർതിരിച്ച സ്ഥാപനയുടമ)

ഡിസംബർ19

ഗോവർദ്ധൻ

(ബെല്ലാരിയിലെ ജുവലറിയുടമ)

ഡിസംബർ19

വിജയകുമാർ

(ബോർഡ് മുൻഅംഗം)

ഡിസംബർ29