സംസ്ഥാന സ്‌കൂൾ കലോത്സവം: ലഹരിക്കെതിരെ പ്രതിരോധക്കോട്ട

Saturday 10 January 2026 12:46 AM IST

തൃശൂർ : സംസ്ഥാന സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് ലഹരിക്കെതിരെ പ്രതിരോധക്കോട്ട തീർത്ത് വിദ്യാർത്ഥികൾ. സ്വരാജ് റൗണ്ടിൽ നടന്ന ലഹരി വിരുദ്ധ ചങ്ങലയിൽ വിവിധ സ്‌കൂളുകളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. പ്ലക്കാർഡുകളുമായി കുട്ടികൾ സ്വരാജ് റൗണ്ടിന് ചുറ്റും അണി നിരന്നു.

മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.രാജൻ, കളക്ടർ അർജുൻ പാണ്ഡ്യൻ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ വിദ്യാർത്ഥികൾ ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലി. മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. മേയർ ഡോ.നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടർ അർജുൻ പാണ്ഡ്യൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ് തുടങ്ങിയവർ സംസാരിച്ചു.

ഒല്ലൂർ എസ്.എം.എം.ജി.വി.എച്ച്.എസ്.എസ് വൈലോപ്പിള്ളിയിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരിക്കെതിരെ ' അയ്യയ്യോ ലഹരി ബാധ"

എന്ന തെരുവ് നാടകം ശ്രദ്ധേയമായി. ലഹരിയോട് പറയുന്നത് പോലെ അനാരോഗ്യകരമായ പ്രവണതകളോടും ശീലങ്ങളോടും നോ പറയാൻ കുട്ടികൾ ശീലിക്കണമെന്നും ഇതിനായി പെരുമാറ്റച്ചട്ടമുണ്ടാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.