വിദേശമദ്യത്തിന് പേരിടൽ: ഹൈക്കോടതി വിശദീകരണം തേടി
Saturday 10 January 2026 12:48 AM IST
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ പാലക്കാട് മലബാർ ഡിസ്റ്റിലറീസ് നിർമ്മിക്കുന്ന പുതിയ വിദേശമദ്യ ബ്രാൻഡിന് പേരും ലോഗോയും നൽകാൻ ജനങ്ങളിൽനിന്ന് അഭിപ്രായം തേടുന്ന പരസ്യങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ചിന്തു കുര്യൻ ജോയ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ബെഞ്ച് സർക്കാരിന്റെയടക്കം വിശദീകരണം തേടി. എക്സൈസ് വകുപ്പ്, ബിവറേജസ് കോർപ്പറേഷൻ, മലബാർ ഡിസ്റ്റിലറീസ് എന്നിവർക്കും നോട്ടീസുണ്ട്.
പുതിയ മദ്യത്തിന് പേരിടാനുള്ള നിർദ്ദേശങ്ങൾ ക്ഷണിച്ചുള്ള പ്രചാരണം അബ്കാരി ആക്ടിന് വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. മദ്യം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളോ ബ്രാൻഡ് പ്രൊമോഷനോ പാടില്ലെന്ന് നിയമമുണ്ട്. എന്നാൽ ഇത് പരോക്ഷമായി പരസ്യംനൽകുന്നതിന് തുല്യമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. വിഷയം 20ന് വീണ്ടും പരിഗണിക്കും.